പുലി സാന്നിധ്യം; കൽക്കുണ്ട് ചേരിയിൽ വനപാലകർ പരിശോധന നടത്തി
text_fieldsകരുവാരകുണ്ട്: കുട്ടിയടക്കം മൂന്ന് പുലികളെ കണ്ട കൽക്കുണ്ട് ചേരിയിലെ റബർ തോട്ടത്തിലും പരിസരങ്ങളിലും വനപാലകർ പരിശോധന നടത്തി. പുലികളെ കണ്ട വിലങ്ങുകല്ലിങ്ങൽ ജോഷിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചേരിയിലെ ചുള്ളിക്കുളയൻ മലയുടെ സമീപത്തെ മനാട്ട് ഷാഹിദിെൻറ റബർ തോട്ടത്തിലെ ടാപ്പിങ്ങിനിടെയാണ് ഞായറാഴ്ച പുലർച്ച ജോഷി പുലിയുടെ മുന്നിൽപെട്ടത്.
ഹെഡ് ലൈറ്റിെൻറ വെളിച്ചത്തിൽ പുലിയെ കണ്ടതോടെ ഇദ്ദേഹം അലറി ഓടി. ഇതിനിടെയാണ് തൊട്ടടുത്ത പാറപ്പുറത്ത് മറ്റു രണ്ട് പുലികളെ കൂടി കണ്ടത്. കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ടി. രാമദാസിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മഴയുള്ളതിനാൽ കാൽപാടുകളൊന്നും കാണാനായില്ല. കഴിഞ്ഞ ദിവസം പുലി പിടിച്ചു എന്ന് സംശയിക്കുന്ന ആടിെൻറ ജഡാവശിഷ്ടവും കണ്ടെത്തിയില്ല. കെണി ലഭ്യമല്ലാത്തതിനാൽ അത് സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല.
പുലികളെത്തുന്നത് പന്നികളെയും നായ്ക്കളെയും തേടി
കരുവാരകുണ്ട്: പുലികൾ ഒറ്റക്കും കൂട്ടമായും മലയോരങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തീറ്റ തേടിയെന്ന് കർഷകർ. പുലികളുടെ പ്രധാന ഇരകൾ കാട്ടുപന്നികളും മാനുകളും പോലുള്ളവയാണ്. മാനുകൾ ഈ ഭാഗങ്ങളിൽ ഇല്ല. കാട്ടുപന്നികളാകട്ടെ തീറ്റതേടി ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയും പകൽ വനാതിർത്തികളിലും മറ്റും തമ്പടിക്കുകയുമാണ്.
കാട്ടിനകത്ത് ഇരകളെ കിട്ടാതാവുമ്പോഴാണ് പുലികൾ നാട്ടിലിറങ്ങുന്നത്.മലയോരങ്ങളിലെ വാഴത്തോട്ടം ഉൾപ്പെടെയുള്ള കൃഷിയിടങ്ങളിൽ കാവലിനായി കർഷകർ നായ്ക്കളെ നിർത്താറുണ്ട്. ഇവ പെറ്റുപെരുകുകയും ചെയ്യുന്നു.
ഇതിന് പുറമെ ചിലർ മലയിൽ പോത്തുകളെ വളർത്തുന്നുമുണ്ട്. ഉൾഗ്രാമങ്ങളിൽ മിക്ക വീടുകളിലും ആടുകളുമുണ്ട്. കാടിറങ്ങിയാൽ ഇത്തരം ഇരകൾ കിട്ടുമെന്നായതോടെയാണ് പുലികൾ രാത്രികാലങ്ങളിലെത്തുന്നത്. രണ്ടാഴ്ച മുമ്പ് മണലിയാംപാടത്തെ ഒരു വളർത്തുനായ്, ഒരാഴ്ച മുമ്പ് കക്കറ മുണ്ടയിലെ വട്ടപ്പറമ്പിൽ നജീബിെൻറ വളർത്തുനായ്, മൂന്ന് ദിവസം മുമ്പ് ചേരിയിലെ പരുതുരിക്കൽ മേരിക്കുട്ടിയുടെ ആട് എന്നിവയെ പുലി ഭക്ഷണമാക്കിയിരുന്നു.
ഇരിങ്ങാട്ടിരി, കരിങ്കന്തോണി, വട്ടമല, പറയൻമാട് എന്നിവിടങ്ങളിലും പലതവണയായി പുലികളെ കണ്ടു. എന്നാൽ, കുട്ടിയടക്കം മൂന്നെണ്ണത്തെ ആദ്യമായാണ് കാണുന്നത്. ജനങ്ങൾ തിങ്ങിത്താമസിക്കുന്നിടത്ത് ഇവയെ കൂട്ടമായി കാണുന്നത് കുടുംബങ്ങളെ ഭീതിയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.