മറിയ താങ്ങും തണലുമായത് ഉറ്റവരായ നാല് വൃക്കരോഗികൾക്ക്
text_fieldsകരുവാരകുണ്ട് (മലപ്പുറം): ജീവിതത്തിൽ മറിയക്ക് ഇനി പരീക്ഷണങ്ങളെ പേടിയേ ഇല്ല. ഭർത്താവും മൂന്ന് ആൺമക്കളുമടക്കം നാല് വൃക്കരോഗികളെ പരിചരിച്ച ഈ 67കാരിക്ക് ഉലയാതെ പിടിച്ചുനിൽക്കാൻ വിധി അത്രമേൽ കരുത്ത് നൽകിയിട്ടുണ്ട്. തുരുമ്പോടയിലെ പരേതനായ നെച്ചിക്കാടൻ മുഹമ്മദിെൻറ ഭാര്യയാണ് മറിയ.
15 വർഷം മുമ്പ് ഭർത്താവ് മുഹമ്മദ് മരിച്ചത് വൃക്കരോഗം ബാധിച്ചാണ്. നാലുവർഷം മുമ്പ് ഇവരുടെ ഇളയ മകൻ കുഞ്ഞലവിക്ക് (36) വൃക്ക രോഗം സ്ഥിരീകരിച്ചു. തുടർന്ന് പരിശോധന നടത്തിയ മറ്റു മക്കളായ അബ്ദുൽ ബഷീർ (42), മിർഷാദ് (40) എന്നിവർക്കും രോഗബാധയുണ്ടെന്നുറപ്പിച്ചു. മനസ്സുറപ്പോടെ വിധിയെ നേരിട്ട മറിയ ഉള്ളതെല്ലാം വിറ്റ് മൂന്ന് മക്കൾക്കും ഡയാലിസിസ് തുടങ്ങി.
മാസത്തിൽ 40 ഡയാലിസിസ് വരെ ചെയ്യേണ്ടി വന്നു. കിടപ്പാടം വരെ വിൽക്കേണ്ടിവരുമെന്നായപ്പോൾ മാത്രമാണ് ഇവർ പരസഹായം തേടിയത്. ഇതോടെ വിഷയം നാട്ടുകാർ ഏറ്റെടുത്തു. അങ്ങനെ മറിയയുടെ കണ്ണീരിനും പ്രാർഥനക്കും കാരുണ്യംകൊണ്ട് നാട് സാഫല്യമൊരുക്കി. മൂന്ന് മക്കളുടെയും വൃക്കകൾ മാറ്റിവെക്കാൻ 1.20 കോടി രൂപ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
എന്നാൽ, നന്മമനസ്സുകൾ രണ്ടര മാസംകൊണ്ട് ഇവർക്കായി സമാഹരിച്ചത് 1.45 കോടിയിലേറെ. ഇതിൽ ബഷീറിെൻറ വൃക്ക ഇതിനകം മാറ്റിവെച്ചു. മിർഷാദ്, കുഞ്ഞലവി എന്നിവരുടെ ശസ്ത്രക്രിയ വൈകാതെ നടക്കും. ഇവരുടെ ചികിത്സ മുഴുവൻ നടത്തുന്നത് ജനകീയ സമിതിയാണ്. വാർധക്യത്തിൽ തനിക്ക് താങ്ങാവേണ്ട മക്കൾക്ക് തണലും കരുതലുമായി ഇപ്പോഴും അവരെ ചേർത്തുപിടിക്കുകയാണ് ഈ മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.