വിതരണം ചെയ്തില്ല: ഗ്രാമപഞ്ചായത്തിൽ അരി കെട്ടിക്കിടക്കുന്നു
text_fieldsകരുവാരകുണ്ട്: കോവിഡ് കാലത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കായി കേന്ദ്രം നൽകിയ ക്വിൻറൽ കണക്കിന് അരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ കെട്ടിക്കിടക്കുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് ഇരുപതോളം ചാക്ക് അരി അഞ്ചു മാസമായി കെട്ടിക്കിടക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് പട്ടിണിയിലായ ഇതരസംസ്ഥാന തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച അരിയാണിത്.
തൊഴിലാളികളെ കണ്ടെത്തി ആധാർ ഉൾപ്പെടെയുള്ള രേഖകൾ വാങ്ങി മാസം 10 കിലോ വീതം അരിയാണ് നൽകേണ്ടിയിരുന്നത്. ഏറെ പേർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിൽ ബാക്കിവന്ന അരിയാണ് അഞ്ചു മാസം മുമ്പ് കരുവാരകുണ്ടിലെത്തിയത്. എന്നാൽ, ഇത് വിതരണം ചെയ്യാനോ ആവശ്യക്കാരില്ലെങ്കിൽ തിരിച്ചേൽപിക്കാനോ അധികൃതർ നടപടി സ്വീകരിച്ചില്ല.
സ്ഥിരംസമിതി അധ്യക്ഷരുടെ മുറിയിലാണ് അരി വെച്ചിരുന്നത്. നവംബർ 11ഓടെ പൂട്ടിയ മുറി പിന്നീട് പുതിയ അധ്യക്ഷർ വന്നതോടെയാണ് തുറക്കുന്നത്. അപ്പോഴേക്കും അഞ്ച് ചാക്ക് അരി ഉപയോഗശൂന്യമായി. അതേസമയം, തൊഴിലാളികൾ നാട്ടിലേക്ക് പോയതിനാലാണ് അവർക്ക് നൽകേണ്ട അരി ബാക്കിയായതെന്നും ഇക്കാര്യം പൊതുവിതരണ വകുപ്പിനെ അറിയിച്ചിരുന്നെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.