കരുവാരകുണ്ടിൽ ഒന്നര ലക്ഷം ലിറ്ററിന്റെ കുടിവെള്ള സംഭരണി തകർന്നു
text_fieldsകരുവാരകുണ്ട്: ജലനിധി പദ്ധതിയുടെ ഒന്നര ലക്ഷം ലിറ്ററിന്റെ ഹൈ ടെക് ജലസംഭരണി തകർന്നു. കരുവാരകുണ്ട് സ്കീമിന്റെ ചെമ്പൻകുന്നിലെ സിങ്ക് അലൂമിനിയം സംഭരണിയാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ ഭീകര ശബ്ദത്തോടെ പൂർണമായും തകർന്നു വീണത്. തകർന്ന സമയം അര ലക്ഷം ലിറ്റർ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ചെമ്പൻകുന്ന് പട്ടികജാതി കോളനിയിലാണ് ടാങ്കുള്ളത്. ടാങ്കിന്റെ ഒരു ഭാഗത്ത് നിരവധി വീടുകളുണ്ട്. എന്നാൽ വീടുകളില്ലാത്ത ഭാഗത്തേക്കാണ് വെള്ളം ഒഴുകിപ്പോയത്. ഈ ഭാഗത്ത് വലിയ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. ടാങ്കിൽ പൂർണമായും വെള്ളം ഉണ്ടായിരുന്നെങ്കിൽ സമീപത്തെ വീടുകൾ ജലപ്രവാഹത്തിൽ തകരുമായിരുന്നുവെന്ന് കോളനിവാസികൾ പറഞ്ഞു.819 കുടുംബങ്ങൾക്ക് ശുദ്ധജലം നൽകിയിരുന്ന സംഭരണിയാണ് ഇത്. തകർന്നതോടെ ഈ കുടുംബങ്ങളുടെ കുടിവെള്ളം പൂർണമായും മുട്ടി. വേനൽ കനക്കുന്ന സാഹചര്യത്തിൽ ശുദ്ധജല വിതരണത്തിന് അടിയന്തര നടപടി വേണമെന്ന് സ്കീം സെക്രട്ടറി ബുജൈർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.