ചെങ്കല്ല് ക്ഷാമം: നിശ്ചലമായി നിർമാണ മേഖല
text_fieldsകരുവാരകുണ്ട്: വിലക്കയറ്റത്തിൽ തകർന്ന നിർമാണ മേഖലക്ക് ഇരുട്ടടിയായി ചെങ്കല്ല് ക്ഷാമവും. കരുവാരകുണ്ട്, തുവ്വൂർ മേഖലയിലാണ് ആഴ്ചകളായി ചെങ്കല്ലിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നത്. ക്ഷാമത്തിന് കാരണം നിയമപാലകരുടെ കടുംപിടുത്തമാണെന്നാണ് കരാറുകാരുടെയും തൊഴിലാളികളുടെയും ആരോപണം.
കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിൽ ചെങ്കൽ ക്വാറികൾ അധികമില്ല. അതിനാൽ പാണ്ടിക്കാട്, മഞ്ചേരി, പന്തല്ലൂർ ഭാഗങ്ങളിൽനിന്നാണ് ഇങ്ങോട്ട് കല്ലുകൾ എത്തുന്നത്. എന്നാൽ കരുവാരകുണ്ട് പൊലീസ് ടിപ്പർ ലോറി പരിശോധന കർശനമാക്കിയതാണ് ക്വാറി ഉടമകൾക്ക് തലവേദനയായതെന്നാണ് ആരോപണം. ജിയോളജി വകുപ്പിന്റെ രേഖ ക്വാറി ഉടമകൾക്കും ചെങ്കല്ല് വാങ്ങാനുള്ള ഗ്രാമപഞ്ചായത്ത് അനുമതി ഉപഭോക്താക്കൾക്കും യഥാസമയം സമർപ്പിക്കാനാവുന്നില്ല. ഇത്തരം രേഖകളില്ലാത്ത ലോറികൾക്ക് പൊലീസ് കനത്ത പിഴ ചുമത്തിയതോടെയാണ് വാഹനങ്ങൾ ഈ മേഖലയിലേക്ക് വരാതായത്.
ഇത് വീട് നിർമാണത്തെയാണ് കൂടുതൽ ബാധിക്കുന്നത്. കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിൽ 300 ലേറെ ലൈഫ് വീടുകൾ തന്നെ നിർമാണത്തിലുണ്ട്. മാർച്ച് ആയതിനാൽ സർക്കാർ നിർമിതികളുടെ പ്രവൃത്തിയും പാതിവഴിയിൽ സ്തംഭിച്ചിരിക്കുകയാണ്. ക്വാറി, ടിപ്പർ ഉടമകളും തൊഴിലാളി സംഘടന നേതാക്കളും പൊലീസുമായി ചർച്ച നടത്തിയെങ്കിലും മതിയായ രേഖയില്ലാതെ സ്റ്റേഷൻ പരിധിയിൽ അനധികൃത ഖനനവും ചെങ്കൽ കടത്തും അനുവദിക്കില്ലെന്ന് തന്നെയാണ് പൊലീസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.