ഉള്‍ക്കാട്ടിലെ മികച്ച വിദ്യാർഥികള്‍ക്ക് ആദരം
text_fieldsകരുളായി: കരുളായി വനത്തിനുള്ളില്‍ താമസിക്കുന്ന പ്രാക്തന ഗോത്ര വിഭാഗങ്ങളിലെ വിദ്യാർഥികളെ അഖിലേന്ത്യ ആദിവാസി മഹാസഭ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ ഊരുകളിലെത്തിയാണ് അനുമോദിച്ചത്. കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളിലെ പ്ലസ് ടു സയന്‍സ് വിഷയത്തില്‍ ഉന്നത വിജയം നേടിയ ലക്ഷ്മി, പുണ്യ, അജിത, കോമേഴ്‌സ് വിഭാഗത്തിലെ പ്രിയമോള്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിജിത്ത്, സന്ധ്യ, ലതികൃഷ്ണ, അഞ്ജന, കൃഷ്ണകുമാര്‍ എന്നിവരെയാണ് അനുമോദിച്ചത്.
സാമ്പത്തികമായും സാമൂഹികപരമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും പ്രാക്തന ഗോത്രവിഭാഗമായ ഈ കുട്ടികള്‍ നിലമ്പൂരിലെ വെളിയന്തോട് ഐ.ജി.എം.എം.ആര്‍.എസ്, ചാലക്കുടി എം.എം.ആര്‍.എസ്, എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് വീടുകള്‍ നഷ്ടപ്പെട്ട ഇവര്‍ കാടിന്റെ പല ഭാഗങ്ങളിലായി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ചെറിയ കുടിലുകളിലാണ് താമസം. വന്യമൃഗങ്ങളോടും ജീവിതപ്രാരാബ്ധങ്ങളോടും പൊരുതി നേടിയ ഈ വിജയത്തിന് തിളക്കമേറെയാണ്. മാതാപിതാക്കള്‍ പരിപൂര്‍ണ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.
ഉന്നതപഠനത്തിനായി പട്ടാമ്പി, ചാലക്കുടി, വെളിയന്തോട് എന്നിവിടങ്ങളില്‍ പോകാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. മുണ്ടക്കടവ്, ചേമ്പുംകൊല്ലി, വട്ടിക്കല്ല് എന്നിവിടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. ചടങ്ങില്‍ സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം കെ. മനോജ്, ആദിവാസി മഹാസഭ പ്രവര്‍ത്തകന്‍ പി. മോഹനന്‍, പി.കെ. ശ്രീകുമാര്‍ മാസ്റ്റര്‍, അക്ബര്‍ ഷാഫി, ബി. വേണുഗോപാല്‍, കെ. താജ്ഷാദ്, മന്‍സൂര്‍ കരുളായി തുടങ്ങിവര്‍ ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.