യുദ്ധ നേർക്കാഴ്ചകൾ വിദ്യാർഥികളുമായി പങ്കിട്ട് സഫ സിറാജ്
text_fieldsകരുവാരകുണ്ട്: ''റഷ്യൻ സൈന്യത്തിന്റെ കണ്ണിൽ പെടാതിരിക്കാൻ ഹോസ്റ്റലിലെ വെളിച്ചമണച്ച് ഭീതിയോടെ ഞങ്ങളിരുന്നു. പെട്ടെന്നാണ് ഹോസ്റ്റലിന്റെ പിറകിൽ ഉഗ്രസ്ഫോടനമുണ്ടായത്. പേടിച്ചരണ്ട ഞങ്ങൾ മരണത്തെ മുഖാമുഖം കണ്ടു. കൂട്ടുകാരികളിൽ ചിലർ മോഹാലസ്യപ്പെട്ടു വീണു''- പേടിപ്പെടുത്തുന്ന ഓർമകൾ കണ്ണീരോടെയാണ് സഫ അയവിറക്കിയത്. യുക്രെയ്നിൽനിന്ന് കഴിഞ്ഞ ദിവസം വീടണഞ്ഞ കരുവാരകുണ്ടിലെ സഫ സിറാജ് സ്കൂൾ കുട്ടികൾക്കായി യുദ്ധഭൂമിയിലെ നേർക്കാഴ്ചകൾ വിശദീകരിക്കുകയായിരുന്നു.
സപോറിഷിയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ് കരുവാരകുണ്ട് കേമ്പിൻകുന്നിലെ മുസ്ലിയാരകത്ത് സിറാജിന്റെ മകൾ സഫ. ഹംഗറി വഴി നാടണഞ്ഞ സഫ ഡി.എൻ.ഒ.യു.പി സ്കൂൾ വിദ്യാർഥികളുമായി യുക്രെയ്ൻ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബിസ്കറ്റും ബ്രഡും മാത്രമാണ് കഴിച്ചിരുന്നത്. സൈറൺ മുഴങ്ങിയാൽ ബങ്കറിലേക്ക് ഓടിപ്പോവണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിനുള്ളിൽ ഞെരിഞ്ഞിരിക്കണം. മുതിർന്ന
കൂട്ടുകാർ മാത്രമായിരുന്നു ഏക ആശ്വാസം. ട്രെയിനിലായിരുന്നു ആദ്യ യാത്ര. മുന്നൂറ് പേർക്കിരിക്കാവുന്ന വണ്ടിയിൽ 1500 പേരുണ്ടായിരുന്നു. ഹംഗറി അതിർത്തിയിലെത്തിയപ്പോഴാണ് വെള്ളവും ഭക്ഷണവും ലഭിച്ചത്. വീട്ടുകാരെ കാര്യങ്ങൾ അറിയിച്ചിരുന്നില്ലെന്നും സഫ പറഞ്ഞു. ടി. മുഹമ്മദ്, നൗഷാദ് പുഞ്ച, നാസർ കൂരാട്, വി. മൊയ്തീൻ കുട്ടി, ഒ. സുലാഫ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.