39 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉപ്പയെ ആദ്യമായി കണ്ടു; നൂർ മുഹമ്മദിനിത് ആമോദപ്പെരുന്നാൾ
text_fieldsകരുവാരകുണ്ട്: നൂർ മുഹമ്മദിനായി കാലം കാത്തുവെച്ച പെരുന്നാൾ സമ്മാനം കഴിഞ്ഞദിവസം കിട്ടി, സ്വന്തം പിതാവിനെ. അങ്ങനെ 39കാരനായ നൂർ ജീവിതത്തിലാദ്യമായി ഉപ്പയെ കണ്ടു. കരുവാരകുണ്ട് മഞ്ഞൾപാറ പാങ്ങാടൻ സൈനബയുടെ മകൻ നൂർ മുഹമ്മദാണ് വയനാട്ടിൽവെച്ച് പിതാവ് ഒതിയോത്ത് മമ്മുവിനെ കണ്ടുമുട്ടിയത്. വയനാട് വൈത്തിരി ആറാം മൈലിലെ ഒതിയോത്ത് മമ്മു 40 വർഷം മുമ്പാണ് കേരള എസ്റ്റേറ്റ് മഞ്ഞൾപാറയിലെത്തി പാങ്ങാടൻ സൈനബയെ വിവാഹം കഴിച്ചത്. സൈനബ നൂർ മുഹമ്മദിനെ ഗർഭം ധരിച്ചിരിക്കെ മമ്മു തിരികെപ്പോയി. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. വർഷങ്ങൾ കടന്നുപോയി. സൈനബ മാനസിക രോഗിയായും തളർച്ച ബാധിച്ചും 20 വർഷത്തോളം കിടന്നു. നൂർ മുഹമ്മദ് പലപ്പോഴും ഉമ്മയോട് ഉപ്പയെക്കുറിച്ച് ചോദിക്കുമായിരുന്നു. വയനാട്ടിലെവിടെയോ ആണെന്നും നീ ഉപ്പയെ കണ്ടേ മരിക്കൂ എന്നും സൈനബ പറയും. 2018ൽ സൈനബ മരിച്ചു.
പുറംനാട്ടിൽ എവിടെ പോകുമ്പോഴും നൂർ മുഹമ്മദ് പിതാവിനെ അന്വേഷിക്കുമായിരുന്നു. കഴിഞ്ഞദിവസം വയനാട്ടിലേക്കുള്ള യാത്രയിലാണ് ഈ അന്വേഷണം ഫലം കണ്ടത്. വെറ്റില മുറുക്കാനായി വൈത്തിരി ആറാംമൈലിലെ പെട്ടിക്കടയിലിറങ്ങിയ നൂർ കടക്കാരനോട് വെറുതെ ചോദിച്ചതാണ്, ഒതിയോത്ത് മമ്മുവിനെ അറിയുമോ എന്ന്. അതെ എന്ന കടക്കാരെൻറ മറുപടി കേട്ട നൂറിെൻറ മുഖം തിളങ്ങി.
കൂടെയുണ്ടായിരുന്ന സുഹൃത്ത് പാറക്കൽ ലുഖ്മാനെയും കൂട്ടി കടക്കാരൻ പറഞ്ഞുകൊടുത്ത വഴിയിൽ ആ വീട്ടിലെത്തി. അന്വേഷിച്ചുറപ്പിച്ചപ്പോൾ 76കാരൻ മമ്മുവിെൻറ കണ്ണുകൾ നിറഞ്ഞു. നൂർ മുഹമ്മദാകട്ടെ സന്തോഷക്കണ്ണീരിൽ ജീവിതത്തിലാദ്യമായി ഉപ്പായെ വിളിച്ചു. പടച്ചവന് സ്തുതി പറഞ്ഞ് അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഉമ്മ മരിച്ച വിവരം പറഞ്ഞപ്പോഴും മമ്മു കണ്ണീരണിഞ്ഞു. വിശേഷങ്ങൾ പങ്കുവെച്ചും ചേർത്തുനിർത്തി ഫോട്ടോ എടുത്തും ഇരുവരും ഏറെ നേരം ചെലവിട്ടു.
നീ നിെൻറ ഉപ്പയെ കാണും എന്ന ഉമ്മയുടെ വാക്കുകളായിരുന്നു അപ്പോൾ നൂറിെൻറ മനസ്സ് നിറയെ. നൂർ മുഹമ്മദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.