കാലിക്കറ്റിന്റെ ഗോൾവലക്ക് കാവലായി കരുവാരകുണ്ടിന്റെ സുഹൈബ്
text_fieldsകരുവാരകുണ്ട്: അന്തർസർവകലാശാല ഫുട്ബാളിൽ കാലിക്കറ്റിന്റെ കിരീടനേട്ടത്തിൽ നിർണായകമായി കരുവാരകുണ്ടുകാരൻ സുഹൈബിന്റെ ചോരാത്ത കൈകൾ. ആറ് മത്സരങ്ങളിൽ ഒരുഗോളും വഴങ്ങാതെ വലകാത്ത സുഹൈബ് തന്നെയാണ് ടൂർണമെന്‍റിലെ മികച്ച ഗോൾകീപ്പറും.
കരുത്തരായ ജലന്ധർ സന്ത്ബാബ ഭാഗ്സിങ് സർവകലാശാലയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് കാലിക്കറ്റിന്റെ പതിനൊന്നാം കിരീടനേട്ടം. പ്രതിരോധ നിരയുടെ കരുത്തിൽ എതിരാളികളുടെ ഷോട്ടുകളെ തടുത്തിട്ട് സുഹൈബാണ് പരിശീലകൻ സതീവൻ ബാലന്റെ ഗോളുകൾ വഴങ്ങാതിരിക്കുകയെന്ന തന്ത്രം സഫലമാക്കിയത്.
മമ്പാട് എം.ഇ.എസ് കോളജിൽ ബിരുദ വിദ്യാർഥിയായിരുന്ന സുഹൈബ് ബാല്യം മുതലേ ഫുട്ബാളിനെ നെഞ്ചേറ്റിയയാളാണ്. ഇന്റർസോൺ ഫുട്ബാൾ, മലപ്പുറം സീനിയർ ഫുട്ബാൾ എന്നിവയിലെല്ലാം മികവ് തെളിയിച്ചു. 2018ൽ സന്തോഷ് ട്രോഫി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ നേട്ടത്തോടെ സർക്കാർ ജോലി ഉറപ്പായെങ്കിലും ഫുട്ബാളിൽ കൂടുതൽ ഉയരങ്ങൾ തേടുകയാണ് ഈ 23കാരൻ.
സന്തോഷ് ട്രോഫി കേരള ടീമിലിടം നേടി അതുവഴി ഇന്ത്യൻ ഗോൾവല കാക്കാൻ അവസരം കാത്തിരിക്കുകയാണ് കരുവാരകുണ്ടുകാരുടെ ഷാനു മോൻ. കണ്ണത്ത് പട്ടിക്കാടൻ ഉമ്മർ-ഉമ്മുൽ ഫാഹിദ ദമ്പതികളുടെ മകനാണ്. തുവ്വൂരിലെ സുമയ്യ നഷ്വയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.