വേനൽചൂട്: കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുന്നു
text_fieldsകരുവാരകുണ്ട്: വേനൽചൂടിൽ കരിഞ്ഞുണങ്ങി മലയോരങ്ങളിലെ കൃഷിയിടങ്ങൾ. കൊക്കോ, ജാതി എന്നിവക്ക് വൻ വില ലഭിച്ചതോടെ കുളിരണിഞ്ഞു തുടങ്ങിയ കർഷകമനങ്ങളിൽ തീ കോരിയിടുകയാണിപ്പോൾ കൊടുംവേനൽ. വേനൽചൂടിനെ അതിജീവിച്ചിരുന്ന ജാതി, കൊക്കോ, ഏലം, ഗ്രാമ്പൂ എന്നിവ പോലും കരിഞ്ഞുവാടിയതാണ് കർഷകരെ ഞെട്ടിക്കുന്നത്.
കൽക്കുണ്ട് പോലുള്ള മലവാരങ്ങളിൽ ഹെക്ടർ കണക്കിന് ഭൂമിയിലാണ് ദീർഘകാല വിളകളായ ജാതിയും കൊക്കോയും വിളയുന്നത്. ഇവയുടെ തൈകൾ ദശാബ്ദങ്ങളോളം നിലനിൽക്കും. എന്നാൽ മുമ്പുള്ള വേനൽക്കാലങ്ങളെയെല്ലാം അതിജീവിച്ച ഇവ പോലും വ്യാപകമായി ഉണങ്ങി ഇല പൊഴിക്കുകയാണിപ്പോൾ. ഇത് കർഷകരെ കടുത്ത നിരാശയിലാക്കുകയാണ്. കൊക്കോയുടെ വില ഇപ്പോൾ സർവകാല റെക്കാഡിലെത്തി നിൽക്കുകയാണ്. മഞ്ഞൾ, കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിവയും വെയിലേറ്റ് വാടുന്നത് കർഷകരെ ഭീതിയിലാക്കുന്നുണ്ട്. ആവശ്യത്തിന് മഴ ലഭിക്കാത്തതിനെ തുടർന്ന് വാഴകൾ കൂട്ടത്തോടെ മഞ്ഞളിച്ച് നശിക്കുകയാണ്.
മലയോരങ്ങളിലും വയലുകളിലും ഇടവിളയായി ഇറക്കിയ ആയിരക്കണക്കിന് വാഴകളാണ് മൂപ്പെത്താതെ ഒടിഞ്ഞുവീണത്. മൂപ്പെത്താത്ത കുലകൾക്ക് ചന്തയിൽ പകുതി വില പോലും ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വാഴ കൃഷി ബഹുഭൂരിപക്ഷവും പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്ക് വായ്പയെടുത്ത് നടത്തുന്നവയാണ്. മഴ ഇനിയും വൈകിയാൽ മലയോരത്തെ അവശേഷിക്കുന്ന പച്ചപ്പും മായുമെന്ന് കർഷകർ പറയുന്നു. കർഷക നിവേദനങ്ങൾ ഫയലിൽ വെക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത അവസ്ഥയിലാണ് കൃഷിവകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.