ബില്ലുകൾ തടഞ്ഞുവെച്ചെന്ന്; ജനപ്രതിനിധികൾ ട്രഷറി ഓഫിസറെ ഉപരോധിച്ചു
text_fieldsകരുവാരകുണ്ട്: വാർഷിക പദ്ധതി ബില്ലുകൾ സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ട്രഷറി ഓഫിസറെ ഉപരോധിച്ചു. കാളികാവ്, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളുമാണ് ബുധനാഴ്ച രാവിലെ കരുവാരകുണ്ട് സബ് ട്രഷറി ഓഫിസറെ ഉപരോധിച്ചത്. പൂർത്തിയായ പ്രവൃത്തികളുടെ 40ഓളം ബില്ലുകളാണ് മാർച്ച് 29, 30, 31 തീയതികളിൽ ഇരു പഞ്ചായത്തുകളും സമർപ്പിച്ചത്.
കാളികാവിന്റേത് മാത്രമായി 67 ലക്ഷം രൂപയുടെ ബില്ലുകളുണ്ട്. ഇവ സ്വീകരിച്ച് ടോക്കണും നൽകി. എന്നാൽ, ഇതുവരെ തുക അനുവദിച്ചില്ലെന്നാണ് പരാതി. സബ്ട്രഷറി ഓഫിസറുടെ വീഴ്ചമൂലം ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ് ഉൾപ്പെടെ പലരുടെയും ആനുകൂല്യങ്ങൾ മുടങ്ങിയതായും അംഗങ്ങൾ ആരോപിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ഉപരോധം കരുവാരകുണ്ട് പൊലീസെത്തിയാണ് അവസാനിപ്പിച്ചത്. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു.
കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഗോപി, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രാമൻ, വൈസ് പ്രസിഡന്റ് പി. റഊഫ, അംഗങ്ങളായ നീലേങ്ങാടൻ മൂസ, രമ രാജൻ, വി.പി.എ. നാസർ, സക്കീർ ഹുസൈൻ അറക്കൽ, കാരയിൽ റഷീദ് എന്നിവർ നേതൃത്വം നൽകി. അതേസമയം, സർക്കാർ ഉത്തരവുകൾ യഥാസമയം ലഭിക്കാത്തതാണ് പലപ്പോഴും തുക വൈകാൻ കാരണമാകുന്നതെന്ന് ജില്ല ട്രഷറി ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.