പദ്ധതി തൊഴിലുറപ്പ്; കുളമൊരുങ്ങിയത് എക്സ്കവേറ്ററിൽ
text_fieldsകരുവാരകുണ്ട്: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളറിയാതെ ലക്ഷങ്ങൾ വിനിയോഗിച്ച് കുളം നിർമിച്ചത് വിവാദമാകുന്നു. ചുള്ളിയോട് വാർഡിലാണ് വിവാദ കുളം. ഈ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളോ ഇവരുടെ മാറ്റുമാരോ വിവരം അറിഞ്ഞിട്ടില്ല. അതേസമയം, പദ്ധതിയുടെ തുക ആരോ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എക്സ്കവേറ്റർ ഉപയോഗിച്ചാണ് കുളം പൂർണമായും നിർമിച്ചിരിക്കുന്നത്. ചുള്ളിയോട് മത്സ്യകൃഷിക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ എന്ന പേരിലാണ് 2022-23 വർഷ പദ്ധതിയായി ഇത് നടപ്പാക്കിയിരിക്കുന്നത്.
311 രൂപ ദിവസവേതനത്തിൽ 568 തൊഴിൽ ദിനങ്ങളെടുത്താണ് 1,81,361 രൂപയുടെ കുളം നിർമിച്ചതെന്ന് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡിലുണ്ട്. ഈ സ്ഥലത്ത് ആദ്യമേ ഒരു വെള്ളക്കുഴി ഉണ്ടായിരുന്നുവെന്നും അത് എക്സ്കവേറ്റർ ഉപയോഗിച്ച് വികസിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഈ കുളം തങ്ങൾ പണിതതല്ലെന്നും ബോർഡ് വെച്ചപ്പോൾ മാത്രമാണ് വിവരമറിയുന്നതെന്നും ഈ വാർഡിലെ തൊഴിലാളികൾ പറയുന്നു. തൊഴിലുറപ്പ് വിഭാഗത്തിലെ പരിശോധനയിലാണ് ക്രമക്കേട് പുറത്തായത്. ഇതോടെ പണം തിരിച്ചടക്കാൻ ശ്രമം നടന്നതായും അറിയുന്നു.
പ്രസിഡന്റ് മറുപടി പറയണം -യു.ഡി.വൈ.എഫ്
കരുവാരകുണ്ട്: വ്യാജ തൊഴിൽ കാർഡുകളുണ്ടാക്കി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം തട്ടിയെടുക്കാൻ ചില ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി യു.ഡി.വൈ.എഫ്. വാർഡ് അംഗം അറിയാതെ 1.8 ലക്ഷം രൂപ എങ്ങനെയാണ് ചിലരുടെ അക്കൗണ്ടുകളിലെത്തിയതെന്ന് മറുപടി പറയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ബാധ്യതയുണ്ടെന്ന് യൂത്ത് ലീഗ് സെക്രട്ടറി ടി. ആദിൽ ജഹാൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി നിസാം ആബിദലി എന്നിവർ പറഞ്ഞു. തുക തിരികെ പിടിക്കാൻ നടപടിയുണ്ടായിട്ടില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും ഇവർ പറഞ്ഞു.
അതേസമയം, കുളം തന്റെ വാർഡിലാണെങ്കിലും ഇത് നിർമിച്ചു എന്ന് പറയപ്പെടുന്ന തൊഴിലാളികൾ ഈ വാർഡിലുള്ളവരല്ലെന്നും വാർഡ് അംഗം ഷീബ പള്ളിക്കുത്ത് അറിയിച്ചു. തുക ആര് വാങ്ങി എന്നറിയില്ല. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ തുക തിരിച്ചടപ്പിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.