വട്ടമലയിൽ വീണ്ടും കടുവ ആടുകളെ കൊന്നു; ആക്രമണം ഉടമയുടെ മുന്നിൽവെച്ച്
text_fieldsകരുവാരകുണ്ട്: ഇടവേളക്കു ശേഷം വട്ടമലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ആട് വേട്ട. റബർ തോട്ടത്തിൽ മേയുകയായിരുന്ന ആടുകളെ ഉടമയുടെ മുന്നിൽവെച്ചാണ് കടുവ ആക്രമിച്ചത്.
പുൽവെട്ട കരിങ്കന്തോണി വട്ടമല റോഡിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആട് കർഷകൻ കൂടിയായ പനന്തോട്ടത്തിൽ സിബി തന്റെ അഞ്ച് ആടുകളെ മേയ്ക്കുന്നതിനിടെ പതുങ്ങിയെത്തിയ കടുവ ആടിനു മേൽ ചാടിവീഴുകയായിരുന്നു.
സിബി ബഹളം വെച്ചതിനെ തുടർന്ന് പിൻവലിഞ്ഞ കടുവ വീണ്ടും തിരികെയെത്തി. ബഹളം തുടർന്നതോടെ അത് വീണ്ടും കാട്ടിൽ മറഞ്ഞു. ആക്രമണത്തിൽ കഴുത്തിന് കടിയേറ്റ ആട് ചത്തു. ആക്രമണത്തിൽ പരിക്കേറ്റ ആട്ടിൻകുട്ടി ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയും ചത്തു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആടിന്റെ ജഡം സംസ്കരിച്ചു. കഴിഞ്ഞ വർഷം വട്ടമലയുടെ മുകളിൽ കടുവയെയും രണ്ടു കുട്ടികളെയും കണ്ടിരുന്നു. ഇന്നലെ നിറയെ വീടുകളുള്ള ഭാഗത്താണ് കടുവയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.