കുണ്ടോടയിൽ കടുവ പന്നിയെ കൊന്നു; ഭീതിയോടെ തൊഴിലാളികളും കുണ്ടോട നിവാസികളും, കടുവ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ആദ്യം
text_fieldsകരുവാരകുണ്ട്: തരിശ് കുണ്ടോടയിൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. കുണ്ടോട എസ്റ്റേറ്റ് റോഡിലെ കൊക്കോ തോട്ടത്തിൽ പന്നിയെ വേട്ടയാടുന്നതിനിടെയാണ് ഞായറാഴ്ച ഉച്ചയോടെ ഇതുവഴി പോയ യുവാക്കൾ കടുവയെ കണ്ടത്. ശബ്ദമുണ്ടാക്കിയപ്പോൾ പിന്തിരിഞ്ഞ കടുവ വീണ്ടുമെത്തി ഇരയെ വലിച്ചെടുത്തു കൊണ്ടുപോയി.
ഒഴിവുദിനത്തിൽ ബറോഡ വെള്ളച്ചാട്ടം കാണാനെത്തിയ പാണ്ടിക്കാട് സ്വദേശികളാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാരും കാളികാവിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പരിശോധന നടത്തിയപ്പോൾ കടുവ ആക്രമിച്ച് കൊന്ന പന്നിയുടെ ജഡം കണ്ടെത്തി. കാൽപാടുകളും മറ്റും പരിശോധിച്ച് ജീവി കടുവ തന്നെയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. ഇതിനിടെ അൽപസമയം മാറിനിന്നപ്പോഴാണ് നാട്ടുകാർ നോക്കി നിൽക്കെ പന്നിയുടെ ജഡം കടുവ കടിച്ചെടുത്തു കൊണ്ടുപോയത്.
നിരവധി തൊഴിലാളികൾ സ്ഥിരമായി ജോലിചെയ്യുകയും ധാരാളം കുടുംബങ്ങൾ തിങ്ങിത്താമസിക്കുകയും ചെയ്യുന്ന പ്രദേശമാണിത്. മാസങ്ങൾക്ക് മുമ്പ് യുവാവിനെ കൊന്ന കാട്ടുപോത്ത് ഇറങ്ങിയതും ഇവിടെയാണ്.
ഭീതിയോടെ തൊഴിലാളികളും കുണ്ടോട നിവാസികളും
കരുവാരകുണ്ട്: കാട്ടാന, കാട്ടുപോത്ത്, പുലി എന്നിവക്കു പിന്നാലെ കടുവയും നാട്ടിലിറങ്ങിയതോടെ ഭീതിയിലായിരിക്കുകയാണ് തരിശ്, കുണ്ടോട, കക്കറ നിവാസികൾ. കുണ്ടോട എസ്റ്റേറ്റ് റോഡിൽ ഞായറാഴ്ച ഉച്ചയോടെ കടുവയെത്തിയത് ഇര തേടിയാണ്. പന്നിയെ വേട്ടയാടിപ്പിടിച്ച് ഭക്ഷിക്കുന്നതിനിടെയാണ് വഴിയാത്രക്കാർ ഇതിനെ കണ്ടത്. ഇതിന് മുമ്പ് പലയിടത്തും ജീവിയെ കണ്ടിരുന്നു. എന്നാൽ, കടുവയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
രണ്ട് ദിവസം മുമ്പ് കൽക്കുണ്ട് ആർത്തലക്കുന്നിലെ കോളനിയിലെ വീട്ടിൽ കെട്ടിയിട്ട നായെ ഭക്ഷണമാക്കി. ഇത് കടുവയാണെന്ന് സംശയമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കൽക്കുണ്ട് ചേരിയിൽനിന്ന് മേയാൻ വിട്ട ആടിനെയും കൊണ്ടുപോയി. രണ്ട് മാസം മുമ്പ് കക്കറ മുണ്ടയിലെ വീട്ടിലെ വളർത്തുനായെയും ഇരയാക്കി. പയ്യാക്കോട്, പുൽവെട്ട പള്ളിക്കുന്ന് തുടങ്ങി ജനവാസ കേന്ദ്രങ്ങളിലും രാത്രി നിരവധി പേർ ജീവിയെ കണ്ടു. തെരുവുനായ്ക്കളുടെ അവശിഷ്ടങ്ങളും പലയിടത്തും കണ്ടെത്തി. കടുവകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങില്ല എന്നായിരുന്നു ധാരണ. എന്നാൽ, കുണ്ടോടയിൽ കണ്ടത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഏതാനും മീറ്റർ ദൂരെവെച്ച് നാട്ടുകാർ തന്നെ കാണുകയും ചെയ്തു.
പ്രായമായതിനാൽ ഉൾക്കാടുകളിൽ ചെന്ന് വേട്ടയാടാൻ കഴിയാത്ത കടുവയാവാം ഇരതേടി നാട്ടിലിറങ്ങിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്. ഏതായാലും കടുവ സാന്നിധ്യം ടാപ്പിങ് തൊഴിലാളികളിലും മറ്റും ഭീതി നിറക്കുന്നുണ്ട്. ഹെക്ടർ കണക്കായ റബർ, കൊക്കോ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്. മാത്രമല്ല ഈ മേഖലയിൽ വീടുകളും ധാരാളമുണ്ട്. തരിശ്- പുൽവെട്ട റോഡോരവുമാണിത്. ജനങ്ങളുടെ ഭീതിയകറ്റാൻ അടിയന്തര നടപടി വേണമെന്ന് കിഫ ജില്ല പ്രസിഡൻറ് മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.