അബ്ദുപ്പയും റേഡിയോയും; കൂട്ടുനടപ്പിന്റെ നാൽപതാണ്ട്
text_fieldsകരുവാരകുണ്ട്: ഇത് ജന്മന കാഴ്ചയില്ലാത്ത കാപ്പിൽ അബ്ദുപ്പ. തന്നെ ഇടതുകൈ പിടിച്ച് വഴികാട്ടാൻ എത്രയോ പേരുണ്ടെങ്കിലും വലതുകൈയിലിരിക്കുന്ന കൊച്ചുവഴികാട്ടിയോടാണ് അബ്ദുപ്പക്ക് പ്രിയമേറെ. നേരവും കാലവും നോക്കാതെ തന്നോട് സദാ മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന റേഡിയോ ആണ് ഈ വഴികാട്ടി.
വീട്ടിലായാലും പുറത്തായാലും ഈ വേർപിരിയാത്ത സുഹൃത്തിനെ ഇദ്ദേഹം കാതിനോട് ചേർത്തുവെച്ചുകൊണ്ടേയിരിക്കും. സുഹൃത്തുക്കൾ പൊതുവെ കുറവായതിനാലാണ് റേഡിയോയെ കൂട്ടുപിടിച്ചു തുടങ്ങിയത്. 1980ലാണ് റേഡിയോ സൗഹൃദം തുടങ്ങുന്നത്. പിന്നീട് ഭാര്യയെയും മക്കളെയും കൂട്ടിന് കിട്ടിയെങ്കിലും നാല് പതിറ്റാണ്ടിനിപ്പുറവും റേഡിയോ കൂട്ടുകെട്ടിന് ഒരു കോട്ടവും തട്ടിയില്ല. അബ്ദുപ്പയുടെ പുലർകാലം തുടങ്ങുന്നത് തന്നെ ആകാശവാണിയിലൂടെയാണ്.
പ്രാദേശിക വാർത്തകൾ, ഡോക്ടറോട് ചോദിക്കാം, ഫോൺ ഇൻ പ്രോഗ്രാം, കാവ്യാഞ്ജലി തുടങ്ങിയവയാണ് ഇഷ്ടപരിപാടികൾ. പത്രവായനയില്ലാത്തതിനാൽ ലോകവിവരങ്ങൾ അറിയുന്നതും റേഡിയോ വഴിയാണ്.
ഗായകനും മിമിക്രി കലാകാരനുമായ ഇദ്ദേഹം മഞ്ചേരി എഫ്.എം നിലയത്തിലെ 'ഉൾക്കാഴ്ച'യിൽ പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്. 'റേഡിയോ എനിക്ക് എല്ലാമാണ്. കൂട്ടുകാരനും അധ്യാപകനും ഡോക്ടറും വഴികാട്ടിയും അങ്ങനെ പലതും. സമയമറിയുന്നതും റേഡിയോയിലൂടെ തന്നെ.
പുലർച്ച മുതൽ തുടങ്ങുന്ന ഈ സൗഹൃദം രാത്രിവരെ നീണ്ടുനിൽക്കും'-അബ്ദുപ്പ പറയുന്നു. പുൽവെട്ട ചുള്ളിയോട് സ്വദേശിയായ അബ്ദുപ്പ കോഴിക്കോട് കൊളത്തറ അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. മമ്പാട് എം.ഇ.എസ് കോളജിൽനിന്ന് പ്രീഡിഗ്രിയെടുത്തു. അൽപകാലം പള്ളിയിൽ സേവകനായി ജോലി ചെയ്തിട്ടുണ്ട്. യാത്രാപ്രിയനാണ്. ഫാത്തിമയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.