നന്മനിറഞ്ഞ നാൽപതാണ്ടിന്റെ നിറവിൽ നളന്ദ പ്രഭാകരൻ
text_fieldsകരുവാരകുണ്ട്: സമാന്തര വിദ്യാഭ്യാസ രംഗത്ത് ആയിരങ്ങൾക്ക് വിദ്യകൊണ്ട് വിരുന്നൂട്ടി നാൽപതാണ്ട് തികച്ച ഗുരുവര്യൻ. കാലിടറിയ എണ്ണമറ്റ കൗമാരങ്ങൾക്ക് വിജയവഴിയൊരുക്കിയ വഴികാട്ടി. നളന്ദ പാരലൽ കോളജിെൻറ ജീവനാഡിയായ പ്രഭാകരന് വിശേഷണങ്ങൾ ഒട്ടനവധിയാണ്.
ആദ്യകാല കർഷകൻ ആറങ്ങോട്ട് ഗോപാലമേനോെൻറയും ശ്രീദേവി അമ്മയുടെയും മകനായ പ്രഭാകരൻ 1980ൽ തുടങ്ങിയതാണ് അധ്യാപനം. അന്ന് ഫാറൂഖ് കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. നാട്ടിലെത്തി അടുത്തവർഷം തന്നെ നളന്ദ എന്ന പേരിൽ പാരലൽ കോളജ് തുടങ്ങി. വിജയശതമാനം പത്തിന് താഴെയുള്ള അക്കാലത്ത് നൂറുകണക്കിന് പേരെയാണ് പ്രഭാകരൻ രണ്ടാം വർഷം എസ്.എസ്.എൽ.സി കടമ്പ കടത്തിയത്. മാർക്ക് കുറഞ്ഞതിനാൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട ആയിരങ്ങൾക്ക് പ്ലസ് വൺ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നളന്ദ തുണയായി.
ദാരിദ്ര്യം മൂലം പഠനം നിർത്തിയവർക്കും വിവാഹം മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്ന കുടുംബിനികൾക്കും ഇദ്ദേഹം ആശ്രയമേകി. സർവകലാശാലതലത്തിൽ റാങ്ക് ജേതാക്കളും സർക്കാർ ജോലിക്കാരും വരെയായി പിന്നീട് ഇവരിൽ പലരും. നാടിെൻറ നന്മകളിലും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിലും നിറഞ്ഞുനിൽക്കുന്ന ഇദ്ദേഹം മികച്ച ഫുട്ബാൾ കളിക്കാരനുമായിരുന്നു.
പാരലൽ കോളജ് അസോസിയേഷൻ എന്ന സംഘടന രൂപവത്കരിക്കാൻ നേതൃത്വം നൽകി. രക്ഷാധികാരി, ജനറൽ സെക്രട്ടറി, ട്രഷറർ പദവികൾ വഹിച്ച ഇദ്ദേഹം മൂന്ന് വർഷമായി പ്രസിഡൻറാണ്.
ഓപൺ സ്കൂളിലെ ആയിരങ്ങൾക്ക് തുണയേകാൻ നിരവധി സമരങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട് ഈ 61 കാരൻ. റിട്ട. അധ്യാപിക വി.പി. ഷൈലജയാണ് ഭാര്യ. ഗോവ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പി.എച്ച്.ഡി വിദ്യാർഥി ആശിഷ് കൃഷ്ണ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.