മലയോര പാത: സർവകക്ഷി യോഗത്തിൽ ബഹളം; എം.എൽ.എക്കെതിരെ മുദ്രാവാക്യം വിളി അഞ്ചാഴ്ചക്കകം ടാറിങ് തുടങ്ങും
text_fieldsകരുവാരകുണ്ട്: മലയോര പാത വിഷയത്തിൽ എം.എൽ.എ വിളിച്ച സർവകക്ഷി യോഗം ബഹളത്തിൽ മുങ്ങി. സംസാരിക്കാനെഴുന്നേറ്റ എം.എൽ.എയെ തടഞ്ഞ് സി.പി.എം നേതാക്കൾ മുദ്രാവാക്യം വിളിച്ചതോടെ യു.ഡി.എഫ് നേതാക്കൾ പ്രതിരോധിച്ചു. ഇതോടെ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ബഹളമയമായി.
മലയോര പാത പ്രവൃത്തി ഇഴഞ്ഞുനീങ്ങിയതിനെ തുടർന്ന് പ്രദേശത്ത് സമരപരമ്പരതന്നെയുണ്ടായി. ഇതിന് പിന്നാലെയാണ് എ.പി. അനിൽകുമാർ എം.എൽ.എ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചത്. പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുടെ സാന്നിധ്യത്തിലായിരുന്നു യോഗം. അധ്യക്ഷത വഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ, എം.എൽ.എയെ സംസാരിക്കാൻ ക്ഷണിച്ചതോടെ സി.പി.എം നേതാക്കൾ ഇടപെട്ടു. എം.എൽ.എ ഒന്നും പറയേണ്ടെന്നും കരാറുകാരൻ വിശദീകരിക്കട്ടെ എന്നുമായി അവർ. തുടർന്ന് മുദ്രാവാക്യം വിളിയായി. ഇതോടെ യു.ഡി.എഫ് നേതാക്കൾ ജയ് വിളിക്കുകയായിരുന്നു.
അഞ്ചാഴ്ചക്കകം 3.7 കിലോമീറ്റർ ആദ്യഘട്ട ടാറിങ് നടത്താമെന്ന് എം.എൽ.എ കരാറുകാരനിൽനിന്ന് ഉറപ്പുവാങ്ങി. 20 ദിവസത്തിനകം പൊടിശല്യം ഇല്ലാതാക്കും. ഇതുവരെയുള്ള പ്രവൃത്തിയിൽ വീഴ്ച വന്നതായും കരാറുകാരൻ സമ്മതിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ സുമ, അസി. എൻജിനീയർ ബ്രൂസൺ ഹരോൾഡ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, പാർട്ടി ഭാരവാഹികളായ കെ.കെ. ജയിംസ്, എൻ. ഉണ്ണീൻകുട്ടി, വി. ശബീറലി എന്നിവർ സംബന്ധിച്ചു. എം.എൽ.എ കരാറുകാരനെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യോഗ ശേഷം സി.പി.എം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.