ഗ്രൗണ്ടിലിട്ട മാലിന്യച്ചാക്കുകൾ പഞ്ചായത്ത് ഓഫിസിൽ തിരികെത്തള്ളി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
text_fieldsകരുവാരകുണ്ട്: സംസ്കരിക്കാനായി പൊതുസ്ഥലത്തിട്ട മാലിന്യച്ചാക്കുകൾ ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് തിരികെത്തള്ളി ഡി.വൈ.എഫ്.ഐ പ്രവർത്തകർ.
പുന്നക്കാട് ഗ്രൗണ്ടിൽ തള്ളിയ ഗ്രാമപഞ്ചായത്ത് ഓഫിസിലെ മാലിന്യമാണ് വാഹനത്തിൽ കൊണ്ടുവന്ന് പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ ഓഫിസ് വാതിലിന് മുന്നിൽ തള്ളിയത്.
ഗ്രാമപഞ്ചായത്ത് ഓഫിസിലെ മാസങ്ങൾ പഴക്കമുള്ള മാലിന്യം സംസ്കരിക്കാനായി മൂന്നാഴ്ച മുമ്പ് പുന്നക്കാട് ഗ്രൗണ്ടിലെത്തിച്ചിരുന്നു.
നാട്ടുകാരിൽ ചിലർ തടഞ്ഞതിനാൽ ശ്രമം ഉപേക്ഷിക്കുകയും മാലിന്യച്ചാക്കുകൾ അവിടെ കിടക്കുകയും ചെയ്തു. ഇതിനെതിരെ നാട്ടുകാർ ആരോഗ്യ വകുപ്പിനും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിക്കും പരാതികൾ നൽകിയിരുന്നു.
എന്നാൽ മഴയിൽ കുതിർന്ന മാലിന്യംനീക്കാൻ ശ്രമിച്ചില്ലെന്നാരോപിച്ച് ബുധനാഴ്ച രാവിലെ 11ഓടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാലിന്യച്ചാക്കുകൾ ചരക്ക് ഓട്ടോയിലെത്തിച്ച് മുദ്രാവാക്യം മുഴക്കി ഓഫിസിനകത്തേക്ക് വലിച്ചിടുകയായിരുന്നു.
പ്രസിഡൻറിെൻറയും സെക്രട്ടറിയുടെയും ഓഫിസ് മുറികളിലേക്കുള്ള വഴിയടച്ച് എട്ട് ചാക്കുകളാണ് തള്ളിയത്. ഈ സമയത്ത് ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ഓഫിസിലും പരിസരത്തുമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ഇ. ലിനീഷ്, മേഖല പ്രസിഡൻറ് ഫർഹാൻ ഫാറൂഖ്, സെക്രട്ടറി സി. അനസ്, ടി. ആശിഖ്, എം. സജാദ്, വിപിൻ എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധവും പരാതിയുമായി ജീവനക്കാർ
കരുവാരകുണ്ട്: കോവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസിൽ അഴുകിയ മാലിന്യച്ചാക്കുകൾ കൂട്ടമായി തള്ളിയതിനെതിരെ പ്രതിഷേധം.
കനത്ത മഴയുള്ളതിനാലാണ് മാലിന്യം സംസ്കരിക്കാൻ വൈകിയതെന്നും വനിതകളടക്കം നിരവധി ജീവനക്കാരുള്ള ഓഫിസിനകത്ത് മാലിന്യം തള്ളിയത് മനുഷ്യത്വരഹിതമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഷൗക്കത്തലി പറഞ്ഞു.
സെക്രട്ടറി സി.കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി ഹസീന എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാർ നിൽപ് പ്രതിഷേധവും നടത്തി.
പകർച്ചവ്യാധി വ്യാപന നിരോധന നിയമം, ഓഫിസ് ദൈനംദിന പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം 10 ഡി.വൈ.എഫ്.ഐ ഭാരവാഹികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി. കരുവാരകുണ്ട് പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.