കൊടുംചൂടിൽ വരണ്ടുണങ്ങി കരുവാരകുണ്ടിലെ ജലസ്രോതസ്സുകൾ
text_fieldsകരുവാരകുണ്ട്: വേനൽ മഴ കനിയാത്ത കരുവാരകുണ്ടിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷം. അന്തരീക്ഷ താപം 38 ഡിഗ്രിയും കടന്നതോടെ കൊടും ചൂടിൽ ഉറവകൾ വറ്റുകയും പുഴകൾ വരളുകയും ചെയ്തിരിക്കുകയാണ്. തടയണകൾ നിർമിക്കാത്തതിനാൽ കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനവും താഴ്ന്നു. മഴ ഇനിയും വൈകിയാൽ പ്രദേശത്ത് കുടിവെള്ളം വരെ മുട്ടിയേക്കും.
മുൻ വർഷങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ വേനൽ മഴ യഥേഷ്ടം ലഭിച്ചിരുന്നു. ഇതുവഴി കിണറുകളിലെ ജലവിതാനം താഴാതെ നിന്നു.
പുഴകളിൽ നേരിയ തോതിലെങ്കിലും നീരൊഴുക്കുമുണ്ടായിരുന്നു. അന്തരീക്ഷ താപം 36ന് മുകളിൽ പോയിരുന്നില്ല. എന്നാൽ, ഈ വേനലിൽ സമീപ പ്രദേശങ്ങളിലെല്ലാം നേരിയ തോതിലെങ്കിലും വേനൽമഴ പെയ്തിട്ടും കരുവാരകുണ്ടിൽ പെയ്തില്ല.
ഒലിപ്പുഴ വറ്റിവരണ്ടതിനാൽ പുഴയിൽ കുഴികളെടുത്താണ് പലരും വെള്ളം ശേഖരിക്കുന്നത്. പുഴയെ ആശ്രയിച്ചുള്ള ശുദ്ധജല വിതരണ പദ്ധതികൾ പലതും മുടങ്ങി. ചിലയിടങ്ങളിൽ വാഹനങ്ങൾ വഴി കുടിവെള്ള വിതരണം നടക്കുന്നുണ്ട്. ശുദ്ധജല വിതരണത്തിന് ഗ്രാമപഞ്ചായത്ത് പദ്ധതിയുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നേയുള്ളൂ. വേനൽമഴ മാറി നിൽക്കുന്നത് കർഷകരെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.