റഷീദ് വിളിച്ചാൽ പറന്നെത്തും, പരുന്തും പിന്നാലെ കാക്കയും
text_fieldsകരുവാരകുണ്ട്: പുൽവെട്ട ചിറക്കൽകുണ്ടിലെ കൊണ്ടിപറമ്പത്ത് അബ്ദുൽ റഷീദിന് രണ്ട് പറക്കും ചങ്ങാതിമാരുണ്ട്. ആകാശംമുട്ടെ പറക്കുന്ന പരുന്തും കൈയനക്കം പോലും പേടിച്ച് പറന്നകലുന്ന കാക്കയും. റഷീദ് വിളിച്ചാൽ കാക്ക പറന്നുവന്ന് വലതു ചുമലിലിരിക്കും; കൈയടിച്ചാൽ പരുന്ത് വന്ന് ഇടതു ചുമലിലും.
മരംമുറി തൊഴിലാളിയായ ഇദ്ദേഹം രണ്ട് മാസം മുമ്പ് പുരയിടത്തിലെ മരം മുറിക്കവെയാണ് പരിക്കേറ്റ കാക്കയെ കണ്ടത്. അതിനെയെടുത്ത് ശുശ്രൂഷയും ഭക്ഷണവും നൽകി. അതോടെ കാക്ക കൂട്ടായി. വൈദ്യുതി കമ്പിയിൽ തട്ടി പരിക്കേറ്റ പരുന്തിനും ഈയിടെ രക്ഷകനായി. പരിചരണത്തിൽ ചിറകിനേറ്റ പരിക്ക് ഭേദമായി.
അതോടെ പരുന്തും പരിചയക്കാരനായി. കാക്ക ഇദ്ദേഹത്തെ വിടാതെ കൂടും. തൊട്ടടുത്ത അങ്ങാടിയിലെത്തി വിളിച്ചപ്പോഴും ആൾക്കൂട്ടത്തിനിടയിലുള്ള റഷീദിെൻറ ചുമലിലേക്ക് പാറിയെത്തി കാക്ക കൂട്ടറിയിച്ചു. ജോലി കഴിഞ്ഞ് മടങ്ങിയെത്തി വിശ്രമിക്കുമ്പോൾ റഷീദ് ശബ്ദമുണ്ടാക്കും, കൈയടിക്കും. ഉടനെ ഇരുവരും പറന്നെത്തും. തീറ്റ നൽകിയാലേ പിന്നെ തിരികെ പോകൂ. വീട്ടിലെ കോഴികൾക്കും ഇരുവരും പരിചിതരാണിപ്പോൾ. ജീവകാരുണ്യ പ്രവർത്തകൻകൂടിയാണ് റഷീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.