കാട്ടുപന്നി ശല്യം: ഹോട്സ്പോട്ട് പട്ടികയിൽ ജില്ലയിലെ 13 വില്ലേജുകൾ
text_fieldsകരുവാരകുണ്ട്: കാട്ടുപന്നി ശല്യം അതിരൂക്ഷമായ ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടികയിൽ മലപ്പുറത്തുനിന്ന് ഇടംപിടിച്ചത് 13 എണ്ണം മാത്രം. പന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് കേരളത്തോട് ഹോട്ട്സ്പോട്ട് വില്ലേജുകളുടെ പട്ടിക ആവശ്യപ്പെട്ടത്.
കേരളത്തിൽനിന്ന് 406 വില്ലേജുകളാണ് പട്ടികയിലുള്ളത്. കാർഷിക വിളകൾ നിരന്തരം നശിപ്പിക്കുകയും മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതിന് മുന്നോടിയായാണ് ക്ഷുദ്രജീവി പ്രഖ്യാപനം. ഇതിനായി വന്യജീവി സംരക്ഷണ നിയമത്തിലെ 62ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആയിരത്തിലേറെ വില്ലേജുകളുടെ പട്ടികയും മാസങ്ങൾക്ക് മുമ്പ് സമർപ്പിച്ചിരുന്നു. എന്നാൽ, പട്ടിക ചുരുക്കാനാവശ്യപ്പെട്ട് തിരിച്ചയച്ച മന്ത്രാലയമാണ് ഹോട്ട്സ്പോട്ട് പട്ടിക തയാറാക്കാൻ നിർദേശിച്ചത്. ഇതിനെ തുടർന്നാണ് പുതിയ പട്ടിക തയാറാക്കിയത്. പട്ടിക അംഗീകരിക്കുകയും 62ാം വകുപ്പനുസരിച്ച് കാട്ടുപന്നികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്താൽ ഈ വില്ലേജുകളിലെ കർഷകർക്ക് ഇവയെ നശിപ്പിക്കാൻ നിബന്ധനകൾക്ക് വിധേയമായി അനുവാദം കിട്ടും. എന്നാൽ, കേന്ദ്രാനുമതി ലഭിക്കണമെങ്കിൽ സമ്മർദം വേണ്ടിവന്നേക്കും. കർഷക കൂട്ടായ്മയായ കിഫ കാലങ്ങളിൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലയിലെ വില്ലേജുകൾ ഇവയാണ്: മൂത്തേടം, വഴിക്കടവ്, തിരുവാലി, വണ്ടൂർ, അമരമ്പലം, കാളികാവ്, എടക്കര, കരുവാരകുണ്ട് (നിലമ്പൂർ താലൂക്ക്), കാരക്കുന്ന്, വെറ്റിലപ്പാറ, മഞ്ചേരി, എടവണ്ണ (ഏറനാട് താലൂക്ക്), എടപ്പറ്റ (പെരിന്തൽമണ്ണ താലൂക്ക്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.