പട്ടാപ്പകൽ സംസ്ഥാനപാതയിൽ കാട്ടാനകളുടെ വിഹാരം
text_fieldsകരുവാരകുണ്ട്: പട്ടാപ്പകൽ സംസ്ഥാന പാതയോരത്ത് സ്കൂളിനും മദ്റസക്കുമടുത്ത് കാട്ടാനകളുടെ സ്വൈരവിഹാരം. കരുവാരകുണ്ട്-മേലാറ്റൂർ റോഡിൽ ഇരിങ്ങാട്ടിരി സ്കൂൾപടിയിലാണ് ബുധനാഴ്ച ഉച്ചക്ക് രണ്ട് ആന എത്തിയത്. നാട്ടുകാരും പൊലീസും ആർ.ആർ.ടിയും മണിക്കൂറുകളോളം പണിപ്പെട്ടാണ് ആനകളെ വൈകീട്ട് നാലോടെ കാടുകയറ്റിയത്.പറയന്മാട് വനമേഖലയിൽനിന്ന് എത്തുന്ന ആനകൾ മൂന്ന് ദിവസമായി പനഞ്ചോല, നിലമ്പതി ഭാഗങ്ങളിൽ നാശം വിതച്ചിരുന്നു.
ചൊവ്വാഴ്ചയും ഇറങ്ങിയ ആനകൾ രാത്രിയിൽ പുത്തനഴി കവലക്ക് സമീപം സംസ്ഥാനപാത മറികടന്ന് ചക്കംപിലാവിൽ എത്തുകയായിരുന്നു. നേരം പുലർന്നതോടെ തിരികെ പോകാൻ സാധിക്കാത്തതിനാൽ ആനകൾ ഇരിങ്ങാട്ടിരി പള്ളിയുടെ ഉടമസ്ഥതയിലെ തോട്ടത്തിൽ തമ്പടിച്ചു. രാവിലെ 10 ഓടെ പുല്ല് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് ആനകളെ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉച്ചക്ക് ഒന്നോടെ ഒരാന തിരികെ പോയി. തടിച്ചുകൂടിയ ആളുകളെ കണ്ട് വിറളിപൂണ്ട കൊമ്പൻ നാലുപാടും ഓടിയത് പ്രദേശത്ത് ഏറെ നേരം ഭീതി പരത്തി. ആർ.ആർ ടീമിന്റെ പരിശ്രമത്തിലാണ് വൈകീട്ട് നാലോടെ കൊമ്പനും റോഡ് കടന്നുപോയത്. ഈ ഭാഗങ്ങളിൽ ആനകൾ വ്യാപക കൃഷിനാശവുമുണ്ടാക്കി. മഴയും വിവരമറിഞ്ഞ് ജനം കൂട്ടമായെത്തിയതും തടസ്സമാവുകയും ചെയ്തു.
രക്ഷിതാക്കളുടെ ചങ്കിടിപ്പേറ്റി ആനകൾ
കരുവാരകുണ്ട്: പുത്തനഴി കവലയുടെയും സ്കൂളിന്റെയും ഇടയിലുള്ള നമസ്കാരപ്പള്ളിയുടെ പിന്നിലുള്ള തോട്ടത്തിലാണ് ആനകൾ തമ്പടിച്ചത്. ഇതിന്റെ തൊട്ടടുത്ത ചക്കംപിലാവ് റോഡിലൂടെയും മറ്റും നിരവധി കുട്ടികൾ മദ്റസയിലേക്കും സ്കൂളിലേക്കും പോയിരുന്നു. കുട്ടികൾ പോയിക്കഴിഞ്ഞ് രാവിലെ 10 ഓടെയാണ് നാട്ടുകാർ ആനകളെ കണ്ടത്. ഉടൻ തൊട്ടടുത്തെ സ്കൂളിൽ ആദ്യം വിവരമറിയിച്ചു. ഇതോടെ അധ്യാപകർ ജാഗ്രത കാട്ടി.
വൈകീട്ട് ആനകൾ കാടുകയറിയതോടെയാണ് രക്ഷിതാക്കൾക്കും ആശ്വാസമായത്. അതേസമയം, കഴിഞ്ഞ മൂന്നുദിവസവും ആനകൾ ഇറങ്ങിയിട്ടും സ്ഥലം സന്ദർശിക്കാതിരുന്ന വനം വകുപ്പിനെതിരെ ജനകീയ പ്രതിഷേധമുയരുന്നുണ്ട്. ബുധനാഴ്ചയും ഉച്ചയോടെയാണ് അവരെത്തിയത്. മലയോര പാത വട്ടമല വഴി തിരിച്ചുവിടുകയും ഈ ഭാഗങ്ങളിൽ സൗരോർജ വേലി നിർമിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.