കീം പരീക്ഷ: വിദ്യാർഥികൾക്ക് കേന്ദ്രം അനുവദിച്ചത് വിദൂര ജില്ലകളിൽ
text_fieldsമലപ്പുറം: കേരള എൻജിനീയറിങ്/ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷക്ക് (കീം) വിദൂര ജില്ലകളിൽ കേന്ദ്രം അനുവദിച്ചതായി പരാതി. മലപ്പുറത്തെ വിദ്യാർഥികൾക്ക് എറണാകുളത്തും കോഴിക്കോട്ടുള്ളവർക്ക് കോട്ടയത്തും സെന്റർ അനുവദിച്ചതായി വിദ്യാർഥികൾ പറയുന്നു.
അപേക്ഷഫോറത്തിൽ പരീക്ഷകേന്ദ്രത്തിന് ഓപ്ഷൻ നൽകാൻ അവസരമുണ്ടായിരുന്നു. മലപ്പുറം ജില്ലയിലെ കുട്ടികൾ ഫസ്റ്റ് ഓപ്ഷനായി മലപ്പുറവും രണ്ടും മൂന്നും ഓപ്ഷനുകളായി സമീപ ജില്ലകളുമാണ് നൽകിയിരുന്നത്. കുട്ടികൾ നൽകിയ ഓപ്ഷനുകളിൽ ഒന്നുപോലും പരിഗണിക്കാതെയാണ് എറണാകുളത്തും കോട്ടയത്തും അനുവദിച്ചത്. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയാണ് കീം പ്രവേശനപരീക്ഷ. ഇതാദ്യമായാണ് കീം പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്നത്.
മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒമ്പതും കോഴിക്കോട്ട് 12ഉം കേന്ദ്രങ്ങൾ മാത്രമേയുള്ളൂ. അതേസമയം, തൃശൂരിൽ 16ഉം എറണാകുളത്ത് 23ഉം കേന്ദ്രങ്ങളുണ്ട്. മലപ്പുറം ജില്ലയിൽ പരീക്ഷാർഥികളുടെ എണ്ണത്തിനനുസരിച്ച് കേന്ദ്രമനുവദിക്കാത്തതാണ് പ്രശ്നം.
രാവിലെയും ഉച്ചക്കുശേഷവുമായി രണ്ടു ഷിഫ്റ്റുകളിലാണ് പരീക്ഷ. രാവിലെ പത്തിനു തുടങ്ങുന്ന പരീക്ഷക്ക് രാവിലെ ഏഴു മുതൽ എട്ടര വരെയാണ് റിപ്പോർട്ടിങ് സമയം. വിദൂര ജില്ലകളിൽ സെന്റർ അനുവദിച്ചതിനാൽ രക്ഷിതാക്കളെയും കൂട്ടി തലേദിവസംതന്നെ പോകേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. വലിയൊരു വിഭാഗത്തിന് പരീക്ഷ എഴുതാൻ കഴിയാതെ വരുമെന്ന സാഹചര്യമുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.