ഇന്ന് കേരളപ്പിറവി ദിനം; മലയാളത്തെ അടയാളപ്പെടുത്തിയ സ്റ്റാമ്പുകൾ നിധിപോലെ സൂക്ഷിച്ച് അബ്ദുറഹിമാൻ
text_fieldsമലപ്പുറം: പത്താംവയസ്സിൽ തുടങ്ങിയതാണ് മൂന്നിയൂർ കളിയാട്ടുമുക്ക് പള്ളിയാളി അബ്ദുറഹിമാന് സ്റ്റാമ്പുകളോടുള്ള പ്രിയം. ഗൾഫ് കത്തുകളിലെ സ്റ്റാമ്പ് ശേഖരിച്ച് തുടങ്ങിയ ഹോബി, ദീർഘ പ്രവാസത്തിനുശേഷം ഇപ്പോൾ 53ാം വയസ്സിലും തുടരുന്നു. നൂറിലേറെ രാജ്യങ്ങളുടെ ആയിരക്കണക്കിന് സ്റ്റാമ്പുകളുടെ ശേഖരണം അബ്ദുറഹിമാന് സ്വന്തമാണ്. ഐക്യകേരളവുമായി ബന്ധപ്പെട്ട 90ലേറെ അപൂർവ സ്റ്റാമ്പുകൾ ശേഖരത്തിലുണ്ട്. 1960 ജൂൺ 22ന് റിലീസ് ചെയ്ത രാജ രവിവർമ ചിത്രമായ ‘ശകുന്തള’യാണ് ആദ്യ കേരള സ്റ്റാമ്പ് എന്ന് അബ്ദുറഹിമാൻ പറയുന്നു.
മലയാളികളായ പ്രമുഖരുടേതായി 47 സ്റ്റാമ്പുകൾ തപാൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 1967ലെ ശ്രീനാരായണ ഗുരുവിന്റെ സ്റ്റാമ്പാണ് ഈ ഗണത്തിൽ ആദ്യത്തേത്. സ്റ്റാമ്പുകളിൽ ഒന്നിലധികം തവണ ഇടംപിടിച്ച രണ്ട് മലയാളികളുണ്ട്, മുൻ കേന്ദ്ര മന്ത്രി വി.കെ. കൃഷ്ണ മേനോനും സിസ്റ്റർ അൽഫോൺസയും. കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, സ്വാതി തിരുനാൾ, മന്നത്ത് പത്മനാഭൻ, കെ. കേളപ്പൻ, എ.കെ.ജി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, വക്കം അബ്ദുൽ ഖാദർ, ചെൈമ്പ വൈദ്യനാഥ ഭാഗവതർ തുടങ്ങിയ നിരവധി മലയാളി പ്രമുഖർ സ്റ്റാമ്പുകളിൽ ഇടംനേടി. 2001ലാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറങ്ങിയത്. 2010ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്റ്റാമ്പും റിലീസ് ചെയ്തു.
ഏറ്റവുമൊടുവിൽ 2019ലാണ് വ്യക്തികൾ എന്ന നിലക്ക് മലയാളികളായ രണ്ടുപേർ സ്റ്റാമ്പിൽ ഇടംനേടിയത്, ആയുർവേദ ആചാര്യൻ കെ. രാഘവൻ തിരുമുൽപ്പാടും ബാലസാഹിത്യകാരൻ എം.എം. കുഴിവേലിയും.
2024 ഫെബ്രുവരിയിലാണ് കേരളവുമായി ബന്ധപ്പെട്ട് തപാൽ വകുപ്പ് ഒടുവിൽ സ്റ്റാമ്പ് പുറത്തിറക്കിയത്. കഥകളിയുമായി വളരെ സാമ്യമുള്ളതും അത്യുത്തര കേരളത്തിൽ പ്രചാരത്തിലുള്ളതുമായ യക്ഷഗാനം എന്ന സ്റ്റാമ്പാണ് പുറത്തിറക്കിയതെന്ന് അബ്ദുറഹിമാൻ പറയുന്നു. വിഷയങ്ങൾക്ക് അനുസരിച്ച് തരംതിരിച്ചാണ് സ്റ്റാമ്പുകൾ സൂക്ഷിക്കുന്നത്. ഹജ്ജ്, ഒളിമ്പിക്സ്, ഗാന്ധിജി, ബഹിരാകാശം, ക്രിക്കറ്റ്, മൃഗങ്ങൾ, പക്ഷികൾ, വാഹനങ്ങൾ എന്നുവേണ്ട സ്റ്റാമ്പ് കണ്ടെത്തിയ റോളണ്ട് ഹില്ലിനെക്കുറിച്ച സ്റ്റാമ്പുകൾ വരെ ശേഖരത്തിലുണ്ട്.
കുട്ടിക്കാലത്ത് സ്റ്റാമ്പ് സംഘടിപ്പിക്കാൻ 12 കിലോമീറ്റർ വരെ നടന്ന അനുഭവമുണ്ടെന്ന് അബ്ദുറഹിമാൻ പറയുന്നു. തപാൽവകുപ്പിന്റെ ഫിലാറ്റലിക് ബ്യൂറോയിൽ അംഗമായ അബ്ദുറഹിമാന് പുതിയ സ്റ്റാമ്പുകൾ തപാൽ ഓഫിസുകളിൽനിന്നും മുടങ്ങാതെ ലഭിക്കുന്നു. എം.എൻ.എസ്, എൻ.എ.പി.എസ് എന്നീ ഫിലാറ്റലിക് ക്ലബുകളിൽ അംഗമായ അദ്ദേഹം ക്ലബ് അംഗങ്ങളുമായി ബന്ധപ്പെട്ടാണ് ശേഖരം വിപുലപ്പെടുത്തുന്നത്. വിവിധ രാജ്യങ്ങളുടെ കറൻസികളും നാണയങ്ങളും ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.