കിഫ്ബി ജലപദ്ധതി; കൊണ്ടോട്ടിയിൽ കോടികളുടെ ക്രമക്കേട്; അഴിമതി
text_fieldsമലപ്പുറം: കൊണ്ടോട്ടി നഗരസഭയിൽ വാട്ടർ അതോറിറ്റിയുടെ കിഫ്ബി പദ്ധതിയിൽ ജലവിതരണ പൈപ്പ് സ്ഥാപിച്ചതിൽ കോടികളുടെ ക്രമക്കേടും അഴിമതിയും. നഗരസഭയിലെ 14ാം വാർഡിൽ ഒന്നാം മൈൽ കുന്നത്ത് കോളനി -ചോലക്കൽ റോഡിൽ എസ്.സി കോളനി ഭാഗത്താണ് ഒരു കിലോമീറ്റർ ദൂരത്തിൽ ചട്ടവിരുദ്ധമായി വ്യാസം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചത്. 160 എം.എം പൈപ്പിന് പകരം 90 എം.എം പൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചത്. അതേസമയം, ഈ ആവശ്യത്തിന് ഉപയോഗിക്കേണ്ട 23,325 മീറ്റർ 160 എം.എം പൈപ്പുകൾ ജല അതോറിറ്റിയിൽ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇത് കരാറുകാരൻതന്നെയാണ് ജല അതോറിറ്റിക്ക് വിതരണം ചെയ്തത്. ഇതിന്റെ മുഴുവൻ പണവും കരാറുകാരന് നൽകുകയും ചെയ്തു.
ജല അതോറിറ്റിയുടെതന്നെ കണക്കുപ്രകാരം രണ്ടര കോടിയുടെ പൈപ്പാണ് ഉപയോഗശൂന്യമായത്. കരാറുകാരൻ വ്യാസം കുറഞ്ഞ പൈപ്പ് ഉപയോഗിച്ച വകയിൽ 45,25,865 ലക്ഷം രൂപ ജല അതോറിറ്റി നൽകിയിട്ടുണ്ട്. കരാറുകാരന്റെ ശേഖരത്തിലുള്ള 90 എം.എം പൈപ്പുകൾ ചെലവാക്കാൻ വേണ്ടി കരാറുകാരനും ജല അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലെ ഒത്തുകളിയാണ് അഴിമതിക്ക് പിന്നിലെന്ന ആരോപണം ശക്തമാണ്. ഇതുസംബന്ധിച്ച പരാതി മേയ് 26ന് നടന്ന താലൂക്ക് അദാലത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് മുന്നിൽ എത്തി. മന്ത്രി ഉദ്യോഗസ്ഥരെ വിളിച്ച് ഇതുസംബന്ധിച്ച കാര്യങ്ങൾ ആരാഞ്ഞപ്പോൾ ടെൻഡർ ഇല്ലാതെയാണ് പ്രവൃത്തി നടത്തിയതെന്ന് ബോധ്യമായി. ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരെ ശാസിച്ച മന്ത്രി ജില്ല കലക്ടർ പരാതി പരിശോധിക്കണമെന്ന് കുറിപ്പെഴുതി. അതിന്മേൽ കാര്യമായ നടപടി ഉണ്ടായില്ല. കേരള വാട്ടർ അതോറിറ്റിയുടെ മലപ്പുറം പ്രോജക്ട് ഡിവിഷന് കീഴിലാണ് പ്രവൃത്തി.
ഇതുസംബന്ധിച്ച പരാതി ജനുവരി 18ന് മലപ്പുറം വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ, പരാതിക്കാരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചാണ് വിജിലൻസ് ഉദ്യോഗസ്ഥർ സംസാരിച്ചത്. വിജിലൻസ് അന്വേഷണം എവിടെയുമെത്തിയതുമില്ല. കൊണ്ടോട്ടി നഗരസഭയിലെ അഞ്ച് മേഖലകളിൽ 108 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമാണിത്. വിവരാവകാശ നിയമപ്രകാരം ഈ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം 90 എം.എം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട് എന്ന അന്വേഷണത്തിന് കൃത്യമായ മറുപടി നൽകാൻ ജല അതോറിറ്റിക്ക് സാധിച്ചിട്ടില്ല. വൻ അഴിമതിയിലേക്കാണ് ഇതുസംബന്ധിച്ച അന്വേഷണം നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.