അനന്തരാവകാശ നിയമങ്ങളെ വിവാദമാക്കുന്നത് ഗൂഢപദ്ധതി -കെ.എൻ.എം മർക്കസുദ്ദഅ്വ
text_fieldsമലപ്പുറം: ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ വികലമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കുന്നത് ഇസ്ലാം വിരുദ്ധ ശക്തികളുടെ ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് കെ.എൻ.എം മർക്കസുദ്ദഅ്വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുർആൻ സന്ദേശങ്ങളെ അംഗീകരിക്കുകയും ജീവിതരീതിയാക്കുകയും ചെയ്തവർക്കാണ് ഇസ്ലാമിക ശരീഅത്ത് ബാധകമെന്നിരിക്കെ അതിനെ അംഗീകരിക്കാത്തവർ ഇസ്ലാമിലെ അനന്തരാവകാശങ്ങളെ അധിക്ഷേപിക്കുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതുക വയ്യ.
ഇസ്ലാമിലെ അനന്തരാവകാശ നിയമം മാനവികതയുടെ അടിസ്ഥാനത്തിലാണെന്ന യാഥാർഥ്യം പഠിക്കാതെ വിമർശിക്കുന്നത് അസംബന്ധമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ലിംഗസമത്വത്തിന്റെ പേരു പറഞ്ഞ് ലിംഗനീതിയെ നിരാകരിക്കുകയാണ് നവലിബറൽ സമൂഹങ്ങൾ ചെയ്യുന്നത്. സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും പരിഗണിച്ചുകൊണ്ട് അർഹമായ അംഗീകാരവും അവകാശവും വകവെച്ചുകൊടുത്തുകൊണ്ട് സ്ത്രീകളെ ആദരിച്ച ഇസ്ലാമിനെതിരെയുള്ള ഒളിയുദ്ധം ലൈംഗിക അരാജകത്വത്തിലേക്കാണ് വഴിതെളിയിക്കുന്നതെന്ന് സമ്മേളനം വ്യക്തമാക്കി.മലപ്പുറം ടൗൺഹാളിൽ നടന്ന സമ്മേളനം കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് പ്രഫ. എ. അബ്ദുൽ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമർ സുല്ലമി ആമുഖഭാഷണം നടത്തി.
മുജാഹിദ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം കെ.എ.പി. യൂസുഫ് ഹാജി നിർവഹിച്ചു. നൗഫൽ ട്രൂബറി ലോഗോ വിശദീകരണം നടത്തി. എം. അഹമ്മദ് കുട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന സമ്മേളന പ്രമേയം എം.ടി. മനാഫ് അവതരിപ്പിച്ചു. എൻ.എം. അബ്ദുൽ ജലീൽ, പ്രഫ. കെ.പി. സക്കരിയ്യ, ഡോ. കെ.ടി. അൻവർ സാദത്ത്, പി. സുഹൈൽ സാബിർ, സലീം കരുനാഗപ്പള്ളി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, പി. അബ്ദുൽ അലി മദനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.