പൂട്ടുകണ്ടത്തിൽ പോത്തുകൾക്കൊപ്പം കുതിച്ച് കുഞ്ഞുട്ടിയുടെ ആവേശം
text_fieldsകൊളത്തൂർ: വയൽവരമ്പിൽ ആവേശത്തിര തീർക്കുന്ന പോത്തുകൾക്കൊപ്പം കുതിച്ചുപായുകയാണ് കുഞ്ഞുട്ടിയുടെ ആവേശവും. കൊയ്ത്തൊഴിഞ്ഞ പൂട്ടുകണ്ടത്തിലെ ആർപ്പുവിളികൾക്കൊടുവിൽ മൂർക്കനാട് തെനയിലെ പി.കെ. കുഞ്ഞുട്ടിയുടെ സ്വീകരണമുറി നിറഞ്ഞുകവിഞ്ഞത് 200ഓളം കൂറ്റൻ ട്രോഫികളാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലായി നടക്കുന്ന മത്സരങ്ങളിലെല്ലാം കുഞ്ഞുട്ടിയുടെ കന്നുകൾക്കാണ് ആധിപത്യം. 300 മൽസരങ്ങൾ ഇതിനകം പിന്നിട്ടു.
60 മുതൽ 70 വരെ ജോടി പോത്തുകൾ പോരിനിറങ്ങുന്നതാണ് മിക്ക മത്സരങ്ങളും. വെറും കൈയോടെ ഒരു കണ്ടത്തിൽ നിന്ന് കയറിയിട്ടില്ല. സ്വർണക്കപ്പും ബൈക്കും ഉൾപ്പെടെ വാരിക്കൂട്ടിയത് ഒട്ടനവധി സമ്മാനങ്ങൾ. കർഷകനായ പിതാവ് പാലക്കാവളപ്പിൽ സെയ്താലിയോടൊപ്പം ചെറുപ്രായത്തിൽ തന്നെ മണ്ണിലിറങ്ങി തുടങ്ങിയതാണ്. പിന്നെ പോത്തുപൂട്ടിെൻറ ഗോദയിൽ ചുവടുറപ്പിച്ചു. കുഞ്ഞുട്ടിയുടെ കന്നുകളുടെ കുതിച്ചോട്ടം കാണാൻ ദൂരെ നിന്നുപോലും പോത്തുപൂട്ടു പ്രേമികൾ എത്താറുണ്ട്. നാല് ജോടി കന്നുകളെ ഇറക്കുന്ന കുഞ്ഞുട്ടി മിക്കയിടത്തുനിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയാണ് മടങ്ങുക. കാൽപന്തുപോലെ പോത്ത് പൂട്ട് നെഞ്ചേറ്റുന്ന ഒരു തലമുറ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
അവരുടെ ആർപ്പുവിളിയും ആവേശവുമാണ് തെൻറ ഉൗർജമെന്നും കുഞ്ഞുട്ടി പറയുന്നു. പോത്ത് ഫാമും കൃഷിയുമാണ് വരുമാനമാർഗം. സാമ്പത്തികമായി നഷ്ടമാണെങ്കിലും ആവേശം സിരകളിൽ ഒഴുകുന്ന കുഞ്ഞുട്ടി മത്സരം നിർത്താൻ ഒരുക്കമല്ല. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം.
ലേഖകൻ: കെ.കെ. മൊയ്തീൻ കുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.