ഇടശ്ശേരിയുടെ നാടകം: ‘കൂട്ടുകൃഷി’ക്ക് നാളെ പുനരാവിഷ്കാരം
text_fieldsകൊളത്തൂർ: 1950കളിൽ ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതി അവതരിപ്പിച്ച നാടകം ‘കൂട്ടുകൃഷി’ മുക്കാൽ നൂറ്റാണ്ടിനു ശേഷം വെങ്ങാട് ടി.ആർ.കെ.എ.യു.പി സ്കൂളിൽ പുനഃരാവിഷ്കരിക്കുന്നു.
സ്കൂൾ 105ാമത് വാർഷികാഘോഷത്തിനു മുന്നോടിയായി ജനുവരി 24 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് സ്കൂൾ ഗ്രൗണ്ടിൽ നാടക അരങ്ങേറ്റം നടക്കും.
1940 കളിൽ കാവ്യരചയിതാവായിരുന്ന ഇടശ്ശേരി ഗോവിന്ദൻ നായർ അടിസ്ഥാനപരമായ കാരണങ്ങളാലാണ് ആദ്യമായും അവസാനമായും കൂട്ടുകൃഷി എന്ന നാടക രചനയിലേക്ക് തിരിഞ്ഞത്. 1950കളിലാണ് കൂട്ടുകൃഷിയുടെ രംഗാവതരണം നടത്തിയത്.
പ്രകൃതിയെ ആശ്രയിച്ച് ജീവിച്ചിരുന്ന അവസ്ഥയിൽനിന്ന് പരിണമിച്ച് മനുഷ്യൻ പ്രകൃതിയിൽ കൃഷി ചെയ്യാൻ തുടങ്ങിയതോടെ പുതിയൊരു സംസ്കൃതിയിലെത്തിപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം കാർഷിക വ്യവസ്ഥക്ക് ഉള്ളിൽ തന്നെ വൈരുധ്യങ്ങളുണ്ടാവുകയും മനുഷ്യർ തമ്മിലുള്ള ഏറ്റക്കുറച്ചിലുകൾ രൂക്ഷമാവുകയും ചെയ്യുകയുണ്ടായി.
ഇതോടെ സ്വന്തമായി അൽപസ്വൽപം ഭൂമി സ്വന്തമായുണ്ടായിരുന്ന സാധാരണക്കാർ പോലും നിയമവും ജാതിയും പറഞ്ഞ് പുറംതിരിഞ്ഞ് നിന്നതോടെ കാർഷിക ജീവിത വ്യവസ്ഥയിൽ മുരടിപ്പാണുണ്ടായത്.
കൃഷിയിൽ ഊന്നിയ സാമൂഹ്യ വ്യവസ്ഥയിൽ രൂപപ്പെട്ട ജീർണതയെ അതിജീവിക്കാൻ കൂട്ടുകൃഷി ചെയ്യുകയും അതുവഴി മുഖം നഷ്ടപ്പെട്ട കൂട്ടായ്മയുടെ പുതിയൊരു സംസ്കൃതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതുമാണ് നാടക ഇതിവൃത്തം. കാർഷിക സംസ്കാരം കാലഹരണപ്പെടുകയും നെൽകൃഷി ഒരസംബന്ധമായി മാറുകയും ചെയ്ത ഇക്കാലത്ത് നാടകത്തിന്റെ പ്രമേയവും പുതുമയുള്ള അവതരണ രീതിയും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ച് വീണ്ടും ഊന്നിപ്പറയുകയാണ് ചെയ്യുന്നത്.
1950കളിൽ ജീവിക്കുന്ന ഒരു ഏറനാടൻ ഗ്രാമം അതിന്റെ തനി സ്വഭാവത്തിൽ പുനഃസൃഷ്ടിക്കുന്ന രീതിയിലാണ് നാടകം സംവിധാനിച്ചിരിക്കുന്നത്. തുറന്ന മൈതാനത്ത് അരങ്ങിനിരുവശവും കാണികൾ ഇരിക്കുന്ന രീതിയിലുള്ള രംഗാവതരണം നാടകത്തിന്റെ പ്രമേയത്തോട് ഏറെ ഇണങ്ങി നിൽക്കുന്നതുമാണ്. നരിപ്പറ്റ രാജുവാണ് സംവിധാനം നിർവഹിച്ചത്. രംഗാവതരണം ആറങ്ങോട്ടുകര കലാപാഠശാലയും വേദിയൊരുക്കുന്നത് ടി.ആർ.കെ.എ.യു.പി.എസ് വെങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദിയുമാണ്.
വെങ്ങാട് ടി.ആർ.കെ.എ.യു.പി സ്കൂൾ വാർഷികം 14, 15 തീയതികളിൽ
കൊളത്തൂർ: വെങ്ങാട് ടി.ആർ.കെ.എ.യു.പി സ്കൂൾ 105ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ഫെബ്രുവരി 14,15 തീയതികളിൽ നടക്കും. ഇതിന് മുന്നോടിയായി ജനുവരി 24ന് വൈകുന്നേരം 7.30ന് ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ‘കൂട്ടുകൃഷി’ നാടകം ആറങ്ങോട്ടുകര പാഠശാലയിലെ കലാകാരന്മാർ അവതരിപ്പിക്കും. നരിപ്പറ്റ രാജുവാണ് സംവിധായകൻ. യാത്രയപ്പ് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് നാടകം ഒരുക്കുന്നത്.
പരിപാടിയുടെ ഭാഗമായി മാരത്തോൺ, ഗാനമേള തുടങ്ങിയവ നടക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ പി.കെ. സുഭാഷ്, പി.ടി.എ പ്രസിഡൻറ് ഷറഫുദ്ദീൻ പൂളക്കൽ, ബിനു, പി. ടി.മുസ്തഫ കമാൽ, ജി. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.