മൂർക്കനാട്-എടപ്പലം പാലം അപകടാവസ്ഥയിൽ
text_fieldsകൊളത്തൂർ: മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മൂർക്കനാട്-എടപ്പലം പാലം അപകടാവസ്ഥയിലെന്ന് നാട്ടുകാർ. നിർമാണം പൂർത്തിയാക്കി 10 വർഷം പിന്നിടുമ്പോഴേക്കും പാലത്തിന് ചുവട്ടിലെ മണൽ നീങ്ങിപ്പോയതാണ് അപകടാവസ്ഥക്ക് കാരണമാകുന്നത്. ഇപ്പോൾ പാലത്തിനടിയിലെ പൈലിങ് പില്ലറുകൾ ഒരു മീറ്ററിലധികം വെളിയിലായ അവസ്ഥയിലാണ്.
കുന്തിപ്പുഴയിലെ അനധികൃത മണലെടുപ്പുമൂലം താഴ്ന്നുപോയ പുഴയിൽ ഇനി മണൽ ശേഷിക്കുന്നത് അങ്ങിങ്ങായി കാണുന്ന ചില മണൽത്തിട്ടകളിൽ മാത്രമാണ്. അതുകൂടി നീങ്ങിപ്പോയാൽ ഈ പാലത്തിന്റെ പൈലിങ് പില്ലറുകൾക്ക് ബലക്ഷയം സംഭവിക്കുകയും തുടർന്നു. ആസന്ന ഭാവിയിൽത്തന്നെ അപകടാവസ്ഥയിലേക്കെത്തുകയും ചെയ്യുമെന്നാണ് പൊതുജനങ്ങളുടെ ആശങ്ക. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിലൂടെയാണ് സ്കൂൾ വിദ്യാർഥികളടക്കം ഇരുജില്ലകളിലുള്ള യാത്രക്കാർ സഞ്ചരിക്കുന്നത്. പാലം സ്ഥിതി ചെയ്യുന്ന പൊട്ടിക്കുഴി ഭാഗത്തുനിന്ന് പുഴയുടെ രണ്ടു കിലോമീറ്റർ താഴെയായി പ്രവൃത്തി നടക്കുന്ന മോതിക്കയം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണത്തിലെ അശാസ്ത്രീയത മൂലം വന്ന അപാകത പരിഹരിക്കാനെന്ന പേരിൽ മൂർക്കനാട് മുതൽ മൂതിക്കയം വരെ പുഴയിൽനിന്ന് മണൽ നീക്കേണ്ടതുണ്ടെന്ന് മൂർക്കനാട് പഞ്ചായത്ത് അധികൃതരും ജലസേചന വിഭാഗവും കൂടിച്ചേർന്ന് തീരുമാനിച്ചെന്നും നീക്കം നടക്കുന്നതായും നാട്ടുകാർ പറയുന്നു.
ഇതിന്റെ ഭാഗമായി ദിവസങ്ങൾക്കുമുമ്പ് മോതിക്കയം ആർ.സി.ബിക്ക് സമീപം നാട്ടുകാരുമായി അധികൃതർ ചർച്ച നടത്തുകയുണ്ടായി. എന്നാൽ ചർച്ചയിൽ മണലോ മണ്ണോ നീക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പുഴ ഇനിയും ആഴം കൂട്ടുന്നതോടെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നും ആ നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം പുഴയിൽനിന്നുള്ള മണൽ നീക്കത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുമെന്നും പ്രസ്തുത യോഗത്തിൽ അധികൃതരെ അറിയിച്ചതായും നാട്ടുകാർ പറയുന്നു. ചർച്ചയിൽ ജലസേചന വിഭാഗം പ്രതിനിധികൾ, മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, പാലം കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.