കൊളത്തൂർ അമ്പലപ്പടിയിൽ രണ്ട് പാലങ്ങൾക്ക് ഭരണാനുമതി
text_fieldsകൊളത്തൂർ: മൂർക്കനാട് ഗ്രാമപഞ്ചായത്ത് കൊളത്തൂർ അമ്പലപ്പടിയിൽ രണ്ട് പാലങ്ങൾക്ക് ഭരണാനുമതിയായി. പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ പള്ളിപ്പടിക്കും അമ്പലപ്പടിക്കും ഇടയിലുള്ള പാടം ഭാഗത്ത് ഏതാനും മീറ്ററുകൾ അകലത്തായി സ്ഥിതി ചെയ്യുന്ന രണ്ട് പാലങ്ങൾക്കാണ് ഭരണാനുമതിയായത്. സേതുബന്ധൻ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്ന് ഇതിനായി 10 കോടി രൂപ കേന്ദ്ര സർക്കാർ ഒരു വർഷം മുമ്പ് അനുവദിക്കുകയുണ്ടായി.
ഇതിന്റെ പ്രവൃത്തി തുടങ്ങാനുള്ള ഭരാണാനുമതിയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്. പ്രവൃത്തി പൂർത്തിയായാലേ സംസ്ഥാന സർക്കാറിന് ഫണ്ട് ലഭിക്കുകയുള്ളു എന്നതാണ് വ്യവസ്ഥ. രണ്ട് പാലങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത് വാഹനാപകടങ്ങൾ നിത്യ സംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. ഭൂമി കൈയേറ്റം നിമിത്തം റോഡ് വീതി കുറഞ്ഞതാണ് അപകട കാരണമെന്നും നവീകരണ പ്രവൃത്തിക്ക് മുമ്പ് സർവേ നടത്തണമെന്നും പരാതിയുണ്ട്.
എന്നാൽ പുനർനിർമാണ പദ്ധതിയുടെ ഡിസൈനിങ്, ഇൻവെസ്റ്റിഗേഷൻ, സർവേ എന്നിവ പൂർത്തിയായിട്ടുണ്ട്. സാങ്കേതികാനുമതി ഉടൻ ലഭിക്കുമെന്നും ശേഷം ടെൻഡർ നൽകി പാലങ്ങളുടെ പുനർനിർമാണത്തിന് തുടക്കം കുറിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.