മോഷണക്കേസ് പ്രതികൾ കവർച്ച ആസൂത്രണത്തിനിടെ കൊണ്ടോട്ടിയിൽ പിടിയിൽ
text_fieldsകൊണ്ടോട്ടി: കുപ്രസിദ്ധ മോഷണക്കേസ് പ്രതികൾ വൻ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കൊണ്ടോട്ടി പൊലീസിെൻറ പിടിയിൽ. തിരൂർക്കാട് ഓട് പറമ്പിൽ ഹൗസിൽ അജ്മൽ (25), തൃശൂർ ആറങ്ങോട്ടുകര കോഴിക്കാട്ടിൽ വീട്ടിൽ ഷൻഫീർ എന്ന ഉടുമ്പ് ഷൻഫീർ (36), മൂന്നിയൂർ ആലിൻചുവട് പിലാക്കൽ ഹൗസിൽ അബ്ദുൽ ലത്തീഫ് എന്ന ഒ.പി. ലത്തീഫ് (51) എന്നിവരെയാണ് കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇവർ കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതികളാണ്.
അജ്മൽ നാലുമാസം മുമ്പും ഷൻഫീർ രണ്ടാഴ്ച മുമ്പുമാണ് ജയിലിൽനിന്ന് ഇറങ്ങിയത്. ഷൻഫീറിനെതിരെ പാലക്കാട് നോർത്ത്, ഒറ്റപ്പാലം, വടക്കഞ്ചേരി, കോങ്ങാട്, ഏറ്റുമാനൂർ, മൈസൂർ തുടങ്ങിയ സ്റ്റേഷനുകളിലും അജ്മലിനനെതിരെ പെരിന്തൽമണ്ണ, കൊടുവള്ളി, നാട്ടുകല്ല്, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി സ്റ്റേഷനുകളിലായി 25ഓളം കേസുകളുമുണ്ട്.
ഒ.പി. ലത്തീഫും നിരവധി സ്റ്റേഷനുകളിൽ മോഷണം, വഞ്ചന, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. മലഞ്ചരക്ക് കടകളിൽ ആളില്ലാത്ത സമയത്ത് ചരക്കുകൾ മോഷണം നടത്തുന്നത് പതിവാണ്. ജയിലിൽ പരിചയപ്പെട്ട് പുറത്തിറങ്ങിയ ശേഷം വൻ കവർച്ച നടത്താനായിരുന്നു പദ്ധതി. കൊണ്ടോട്ടിയിലെ പ്രമുഖ ജ്വല്ലറിയിൽ കവർച്ച നടത്താനുള്ള നീക്കത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ വിനോദ് വലിയറ്റൂർ, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൽ അസീസ് കാരിയോട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ മോഹനൻ, പ്രശാന്ത്, രാജേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.