കൃഷിനാശം: പന്നികളെ തുരത്താൻ തോക്കെടുക്കാൻ കൊണ്ടോട്ടി നഗരസഭ
text_fieldsകൊണ്ടോട്ടി: കൃഷിയിടങ്ങളില്‍ വ്യാപകനാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെച്ചിടാൻ ഒരുങ്ങി കൊണ്ടോട്ടി നഗരസഭ.
ഇതിനായി അംഗീകൃത ലൈസന്‍സുള്ള ഷൂട്ടര്‍മാരെ നിയോഗിച്ച് ഉത്തരവിറക്കാന്‍ നഗരസഭ അധ്യക്ഷ നിത ഷഹീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിച്ച തോക്കുകള്‍ വിട്ടുകിട്ടാന്‍ ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കാനും യോഗത്തില്‍ ധാരണയായി.
നഗരസഭ പരിധിയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുകയും കൃഷിനാശം സംബന്ധിച്ച് പരാതികള്‍ വ്യാപകമാകുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭ ജനപ്രതിനിധികളുടേയും കര്‍ഷകരുടേയും സംയുക്ത യോഗം വിളിച്ചത്. കൂട്ടത്തോടെയെത്തുന്ന പന്നികളെ തുരത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് വെടിവെച്ചു കൊല്ലാന്‍ തീരുമാനമായതെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. പന്നിശല്യം രൂക്ഷമായ പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ച് കര്‍ഷകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വെടിവെച്ചിടാനാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം അടുത്ത ദിവസം ആരംഭിക്കും.
കാട്ടുപന്നി ശല്യം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വിവിധ ഘട്ടങ്ങളിലായി പ്രവര്‍ത്തനം തുടരാനും യോഗത്തില്‍ തീരുമാനമായി. നഗരസഭ ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷ റംല കൊവണ്ടി, കൗണ്‍സിലര്‍മാരായ ശിഹാബ് കോട്ട, കെ.സി. മൊയ്തീന്, സാലിഹ്, വീരാന്‍കുട്ടി, ഉമ്മുകുല്‍സു, ഉഷ, താഹിറ, ഫൗസിയ ബാബു, സെക്രട്ടറി എ. ഫിറോസ് ഖാന്, ക്ലീന്‍ സിറ്റി മാനേജര്‍ മന്‍സൂര്‍, കൃഷി ഓഫീസര്‍മാരായ ഇസ്ന, ഷമീന, പ്രദേശത്തെ കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.