വിമാനത്താവള വികസനം; മുന്നറിയിപ്പില്ലാതെ ക്രോസ് റോഡ് അടച്ച് ബോര്‍ഡ് സ്ഥാപിച്ചു
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖലയായ ‘റെസ’ വിപുലീകരിക്കുന്നതോടെ ഇല്ലാതാകുന്ന ക്രോസ് റോഡ് ബദല്‍ സംവിധാനമില്ലാതെ വിമാനത്താവള അതോറിറ്റി അടച്ചു. റോഡിന്റെ ഇരുഭാഗങ്ങളിലും ഇതുസൂചിപ്പിച്ച് വിമാനത്താവള അതോറിറ്റിയുടെ പേരില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, റോഡ് അടക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികള്‍ക്കും നഗരസഭക്കും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ജനങ്ങളെ ആശങ്കയിലാക്കുന്ന നടപടിയാണിതെന്നും വാര്‍ഡ് കൗണ്‍സിലറായ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി. ഫിറോസ് അറിയിച്ചു.
റോഡ് അടക്കുന്നതോടെ നഗരസഭയിലെ 28, 30 വാര്‍ഡുകളിലായി 30ഓളം കുടുംബങ്ങളുടെ യാത്രാ മാര്‍ഗം ഇല്ലാതാകും. ചിറയില്‍ എ.എം.യു.പി സ്കൂള്‍, മണ്ണാരില്‍ എ.എം.എല്‍.പി സ്കൂള്‍, കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന ഇരുഭാഗത്തെ വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങുന്ന അവസ്ഥയുമുണ്ടാകും. ബദല്‍ സംവിധാനമൊരുക്കാതെ ക്രോസ് റോഡ് അടക്കില്ലെന്നായിരുന്നു വിമാനത്താവള അതോറിറ്റിയുടെയും സര്‍ക്കാറിന്റെയും പ്രഖ്യാപനം. അടഞ്ഞുപോകുന്ന റോഡിന് പകരം പുതിയ റോഡ് നിർമിക്കുന്നതിനായി വിമാനത്താവള ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ ടി.വി. ഇബ്രാഹിം എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ പിലാത്തോട്ടം പ്രദേശത്തെ അംഗന്‍വാടി, 20ഓളം വീടുകള്‍ എന്നിവിടങ്ങളിലേക്ക് വഴിയില്ലാത്ത അവസ്ഥയാണ്.
യാത്രാപ്രശ്നം പരിഹരിക്കാന്‍ ക്രോസ് റോഡ് അടഞ്ഞാലും അവശേഷിക്കുന്ന മൂന്ന് മീറ്റര്‍ വീതിയിലുള്ള കോട്ട പാലക്കുടത്ത് മുഹമ്മദ് ഹാജി സ്മാരക നഗരസഭ കോണ്‍ക്രീറ്റ് റോഡ് കൂടി ഉപയോഗപ്പെടുത്തി പാലക്കാപ്പറമ്പ് പിലാത്തോട്ടം മുതല്‍ ചിറയിലിലെ കോട്ടപ്പറമ്പ് വരെ എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിർമിക്കുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിരുന്നത്. ഇതിന് വിമാനത്താവള ഭൂമിയും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും ലഭ്യമാക്കേണ്ടിവരുമെന്ന് പ്രദേശത്ത് നടത്തിയ പരിശോധനക്ക് ശേഷം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍ നടപടികളേതുമില്ലാതിരിക്കെയാണ് നിലവിലെ ക്രോസ് റോഡ് അടച്ചതായി വിമാനത്താവള അതോറിറ്റി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.