വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: മനുഷ്യച്ചങ്ങല ഇന്ന്
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി പുരോഗമിക്കുമ്പോള്‍ നെടിയിരിപ്പ് മേഖലയില്‍നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ 10 ദിവസമായി നാട്ടുകാരുടെ ആഭിമുഖ്യത്തില്‍ സായാഹ്ന സമരപ്പന്തലൊരുക്കി പ്രതിഷേധം തുടരുകയാണ്.
പാലക്കപറമ്പില്‍ 10 ദിവസമായി തുടരുന്ന സമരത്തിന്റെ സമാപനമായി ജനകീയാഭിമുഖ്യത്തിലെ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിമാനത്താവള വികസനത്തിന്റെ പേരില്‍ അശാസ്ത്രീയ ഭൂമി ഏറ്റെടുക്കലിനും കുടിയൊഴിപ്പിക്കലിനുമെതിരെയാണ് ജനകീയ പ്രതിഷേധം. ഭൂമി ഏറ്റെടുക്കാനുള്ള നിലവിലെ നീക്കം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. രണ്ടുതവണ പാലക്കാപറമ്പില്‍ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
റണ്‍വേ സുരക്ഷിത മേഖലയായ റിസയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 18 ഏക്കര്‍ സ്ഥലമാണ് റണ്‍വേയുടെ പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ നിന്നായി ഏറ്റെടുക്കുന്നത്. കിഴക്ക് പാലക്കാപറമ്പില്‍ ഏറ്റെടുക്കുന്ന എട്ട് ഏക്കര്‍ ഭൂമിയുടെ ആദ്യഘട്ട പരിശോധനയാണ് ജനകീയ പ്രതിഷേധത്താല്‍ മുടങ്ങിയത്. നിരന്തരം നല്കുന്ന വാഗ്ദാനങ്ങളും ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത അശാസ്ത്രീയ പരിശോധനകളും അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പരിശോധനസംഘം എത്തുന്നതിനു മുമ്പുതന്നെ മേഖലയില്‍ തദ്ദേശീയര്‍ സംഘടിച്ചിരുന്നു. ഇതോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയപ്രതിനിധികള്‍ പരിശോധനയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജനപ്രതിനിധികളുടെ അഭാവത്തില്‍ എത്തിയ ഉദ്യോഗസ്ഥസംഘം ഭൂമി ഏറ്റെടുക്കലിന്റെ പ്രാഥമികവശങ്ങള് വിശദീകരിച്ചെങ്കിലും നേരത്തേ ഏറ്റെടുത്ത ഭൂമി ഉപയോഗപ്രദമാക്കാതെ തദ്ദേശീയരെ കുടിയിറക്കുന്ന നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി നാട്ടുകാരുടെ കൂട്ടായ്മ രംഗത്തെത്തുകയായിരുന്നു.
ജനകീയ പ്രതിഷേധം ശക്തമായതോടെ പരിശോധന നടപടികള്‍ ഉപേക്ഷിച്ച് സംഘം മടങ്ങി. രണ്ടുഘട്ടത്തിലും ഈ നില തുടര്‍ന്നതോടെ പരിശോധന പൂര്‍ത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.