പുഷ് അപ്പില്‍ ഗിന്നസ് റെക്കോഡ് മറികടന്ന് അസ്‌ക്കര്‍
text_fieldsകൊണ്ടോട്ടി: പുഷ് അപ്പില്‍ ഗിന്നസ് ലോക റെക്കോഡ് മറികടന്ന് തേഞ്ഞിപ്പലം യൂനിവേഴ്‌സിറ്റി സൂപ്പര്‍ ബസാര്‍ സ്വദേശി കോട്ടയില്‍ അസ്‌കര്‍. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ നക്ക്ള്‍ പുഷ് അപ്പ്, ഡിക്ലൈന്‍ പുഷ് അപ്പ് എന്നീ ഇനങ്ങളിലായിരുന്നു അസ്‌കറിന്റെ പ്രകടനം. ഒരു മിനിറ്റില്‍ 121 നക്ക്ള്‍ പുഷ് അപ്പും, 118 ഡിക്ലൈന്‍ പുഷ് അപ്പും പൂര്‍ത്തിയാക്കാന്‍ അസ്‌കറിന് സാധിച്ചു. ഈയിനങ്ങളില്‍ യഥാക്രമം 113, 108 എണ്ണങ്ങളാണ് നിലവിലെ റെക്കോഡ്. മികച്ച പ്രകടനത്തിലൂടെ ഗിന്നസ് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടയില്‍ അബ്ദുല്‍ അസീസിന്റെയും വടക്കെ പുറത്ത് ആമിനയുടെയും മകനായ അസ്‌ക്കര്‍.
പെരുവള്ളൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ അസ്‌കര്‍ കായിക രംഗത്ത് പഠന കാലം മുതല്‍ അതീവ തല്‍പ്പരനായിരുന്നു. ഷാവോലിന്‍ ഡ്രാഗണ്‍ കുങ്ഫു അസോസിയേഷന്റെ കീഴില്‍ ഐക്കരപ്പടി പുത്തൂപാടം എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയിലായിരുന്നു അസ്‌കറിന്റെ വേറിട്ട പ്രകടനം.
റെക്കോഡിനായി നടന്ന പരിപാടി ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ കെ. മുഹമ്മദ് ഷാജഹാന്‍, ഗ്രാന്റ്മാസ്റ്റര്‍ എ. അബൂബക്കര്‍, ദേശീയ പഞ്ചഗുസ്തി ജേതാവ് എ. സന്ദീപ്, കരാട്ടെ ഇന്റര്‍നാഷണല്‍ റഫറി ഷിഹാന്‍ സിദ്ദീഖലി, നാഷണല്‍ ചെസ്സ് ആര്‍ബിറ്റര്‍ നൗഷാദ് ആനപ്ര, ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവ് സൈതലവി ആനക്കര, പ്രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.