പേരുറപ്പിച്ചു; ഇനി അങ്കം
text_fieldsകൊണ്ടോട്ടി: നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്മപരിശോധനക്ക് ശേഷം തള്ളേണ്ടവ തള്ളിയും കൊള്ളേണ്ടവ കൊണ്ടും കഴിഞ്ഞപ്പോള്‍ ചിത്രം വ്യക്തമായി. കൊണ്ടോട്ടിയുടെ പോര്‍ക്കളത്തില്‍ രണ്ട് അപരന്മാരുള്പ്പടെ ഏഴ് പേരാണ് ജനവിധി തേടുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് കൂടി ചിഹ്നം അനുവദിച്ച് കിട്ടിയതോടെ പ്രചാരണവും ചൂട് പിടിച്ചു. ഇനി വോട്ട് പെട്ടിയിലാകുന്നതുവരെ സ്ഥാനാര്‍ഥികളുടെയും പരിവാരങ്ങളുടെയും ഓട്ടമാണ്. വോട്ട് ഉറപ്പിക്കാന്‍. സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫ് ടി.വി. ഇബ്രാഹീമിനെ തന്നെയാണ് കോണി ചിഹ്നത്തില്‍ ജനവിധി തേടാന്‍ കളത്തിലിറക്കിയത്. എല്‍.ഡി.എഫിന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കാട്ടുപരുത്തി സുലൈമാന്‍ ഹാജി ഓട്ടോ ചിഹ്നനത്തിലാണ് ജനവിധി തേടുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി റസാഖ് പാലേരിയാണ് മത്സരിക്കുന്നത്. ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഷീബ ഉണ്ണികൃഷ്ണനാണ് ജനവിധി തേടുന്നത്. ബി.എസ്.പി സ്ഥാനാര്‍ഥിയായി ടി. ശിവദാസന്‍ ആന ചിഹ്നത്തിലും മത്സരിക്കുന്നു. യു.ഡി.എഫ്, എല്‍.ഡി.ഫ് സ്ഥാനാര്‍ഥികള്‍ക്ക് ഓരോ അപരന്മാരും രംഗത്തുണ്ട്. സി.വി. ഇബ്രാഹീം ജനവാതില്‍ ചിഹ്നത്തിലും സുലൈമാന്‍ ഹാജി ഇസ്തിരിപ്പെട്ടി ചിഹ്നത്തിലും സ്വതന്ത്രരായി മത്സരിക്കുന്നു.
തെരഞ്ഞെടുപ്പ് പോരിന് മൂര്ച്ചകൂട്ടിതന്നെയാണ് ഇക്കുറി എല്‍.ഡി.എഫ് കളത്തിലിറങ്ങിയത്. യു.ഡി.എഫിന് വേണ്ടി ടി.വി. ഇബ്രാഹീം വീണ്ടും ജനവിധി തേടുമ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത് കൊണ്ടോട്ടിക്കാര്‍ക്ക് സുപരിചിതനായ പ്രവാസി വ്യവസായി കാട്ടുപരുത്തി സുലൈമാന്‍ ഹാജിയെയാണ് എല്‍.ഡി.എഫ് കളത്തിലിറക്കിയത്. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഓേരാന്നായി എണ്ണിപ്പറഞ്ഞാണ് ടി.വി. ഇബ്രാഹീം വോട്ട് ചോദിക്കുന്നത്. എന്നാല്‍, ഇടതു സര്‍ക്കാര്‍ മണ്ഡലത്തിലേക്ക് നല്കിയ വികസന പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ എം.എല്‍.എ കാണിച്ച അവഗണനയും എണ്ണിപ്പറഞ്ഞ് എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിക്കുന്നു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ജനവിധി തേടിയ എസ്.ഡി.പി.ഐക്ക് ഇപ്രാവശ്യം സ്ഥാനാര്‍ഥിയില്ല. ഇവരുടെ വോട്ടില്‍ രണ്ട് മുന്നണികളും കണ്ണുെവച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.