കൊണ്ടോട്ടി ഹെഡ് പോസ്റ്റ് ഓഫിസിലെ എ.ടി.എം കൗണ്ടര്‍ നോക്കുകുത്തി
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി ഹെഡ് പോസ്റ്റ്ഓഫിസിലെ തപാല്‍ വകുപ്പ് എ.ടി.എം സംവിധാനം നോക്കുകുത്തിയാകുന്നു. രണ്ടര മാസമായി എ.ടി.എം കൗണ്ടർ അടഞ്ഞുകിടക്കുകയാണ്. എ.ടി.എം സംവിധാനത്തിലെ യു.പി.എസ് തകരാറിലായതാണ് സേവനത്തെ ബാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണിൽ തുടങ്ങിയ പ്രശ്നം പരിഹരിക്കാന്‍ വകുപ്പുതലത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കൊണ്ടോട്ടി യൂനിറ്റില്‍നിന്ന് മഞ്ചേരിയിലെ ഡിവിഷനല്‍ ഓഫിസില്‍ വിവരം അറിയിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, സാങ്കേതികത്തകരാറില്‍ അനിവാര്യമായ ഇടപെടല്‍ നീളുകയാണ്.
നിക്ഷേപത്തിന് നാല് ശതമാനത്തിലധികം പലിശ ലഭിക്കുന്ന പദ്ധതി മുന്‍നിര്‍ത്തി പെന്ഷന്കാരടക്കമുള്ളവരാണ് പോസ്റ്റ്ഓഫിസ് അക്കൗണ്ട് തുടങ്ങിയിരുന്നത്. ഇപ്പോൾ പണം പിൻവലിക്കാൻ മറ്റ് എ.ടി.എമ്മുകൾ തേടി നടക്കേണ്ട അവസ്ഥയിലാണ് അക്കൗണ്ട് ഉടമകൾ. എ.ടി.എം തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ ഡിവിഷനല്‍ ഓഫിസിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. പരിഹാര നടപടി വൈകുന്നപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് നിക്ഷേപകരുടെ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.