കൊണ്ടോട്ടി വില്ലേജ് ഓഫിസര്‍ക്കുള്ള മികവിന്റെ പുരസ്കാരം; അതിജീവനത്തിന്റെ ജനകീയ നേട്ടം
text_fieldsകൊണ്ടോട്ടി: അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ജനകീയ ആവശ്യങ്ങളോട് മുഖം തിരിഞ്ഞിരിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാതൃകയുടെ ചൂണ്ടുപലകയാകുകയാണ് കൊണ്ടോട്ടി വില്ലേജ് ഓഫിസ്. സര്‍ക്കാര്‍ ഓഫിസുകള്‍ എങ്ങനെ പ്രവര്ത്തിക്കണമന്നതിനുള്ള ഉത്തരം ഇത്തവണത്തെ റവന്യൂ പുരസ്കാരത്തില്‍ കൊണ്ടോട്ടി വില്ലേജ് ഓഫിസ് തെളിയിച്ചു. പരിമിതമായ സൗകര്യങ്ങളില്‍നിന്ന് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തെരഞ്ഞെടുത്തത് കൊണ്ടോട്ടി വില്ലേജ് ഓഫിസര്‍ സി.കെ. റഷീദിനെയാണെന്നത് ഇതിന്റെ തെളിവാണ്. അപേക്ഷകളില്‍ സമയബന്ധിത നടപടിയും പരാതികളില്ലാത്ത സേവനവുമാണ് പ്രധാനമായും പരിഗണിച്ചത്.
ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ് പുരസ്കാരമെന്ന് വില്ലേജ് ഓഫിസര്‍ മോങ്ങം സ്വദേശിയായ ചേനാട്ടുകുഴിയില്‍ റഷീദ് പറഞ്ഞു. സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സുനിത്, മൂന്ന് വില്ലേജ് അസിസ്റ്റന്റുമാര്‍, ഒരു പാര്‍ടൈം സ്വീപ്പര്‍ എന്നിവരാണ് ഓഫിസിലുള്ളത്.
സ്ഥലപരിമിതിയുള്പ്പെടെയുള്ള അസൗകര്യങ്ങള്‍ അതിജീവിച്ച് പ്രവര്‍ത്തിക്കുന്ന ഓഫിസിന് റവന്യൂ ദിനത്തോടനുബന്ധിച്ച് മികച്ച വില്ലേജിനുള്ള പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു. അതിനു ശേഷവും ഓഫിസില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടിയുണ്ടായിട്ടില്ല. ഇതിനു തുടര്‍ച്ചയായി മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള പുരസ്കാരവും കൊണ്ടോട്ടി വില്ലേജ് നേടിയതെന്നത് ശ്രദ്ധേയമാണ്. കൊണ്ടോട്ടി 17ല്‍ ബൈപാസിനോടു ചേര്‍ന്ന ചെറിയ കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വില്ലേജ് ഓഫിസറുടെ മുറിക്കു പുറമെയുള്ള ചെറിയ ഹാളിലാണ് മറ്റു ജീവനക്കാരെല്ലാം ജോലിചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന് ഒരു റെക്കോഡ് മുറിയുണ്ടെങ്കിലും മറ്റു ഫയലുകള്‍ സൂരക്ഷിക്കാന് സൗകര്യങ്ങളില്ല.
ഓഫിസില്‍ വരുന്നവര്‍ക്ക് വിശ്രമ മുറി പോലും ഓഫിസിലില്ല. ഒറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസില്‍ മഴക്കാലത്ത് വലിയ തോട് കരകവിയുമ്പോള്‍ വെള്ളം കയറുന്നതും പതിവാണ്. ഈ സമയങ്ങളില്‍ പ്രധാന രേഖകള്‍ സംരക്ഷിക്കാനും ജീവനക്കാര്‍ ഏറെ പ്രയാസപ്പെടുന്നു. കെട്ടിടത്തിന് ഒരു നിലകൂടി നിർമിക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപടികള്‍ നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.