കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
text_fieldsകൊണ്ടോട്ടി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന തെയ്യാലുങ്ങല്‍ സ്വദേശി തെരുവത്ത് ഷിമിലനാണ് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൊണ്ടോട്ടി-അരീക്കോട് റോഡില്‍ വെച്ച് ചെപ്ലിക്കുന്ന് മലയില്‍ നിന്ന് വന്ന പന്നി യാത്രികനെ ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്‍ നഗരസഭ കര്‍മ പദ്ധതികളാവിഷ്കരിച്ചെങ്കിലും കാര്യമായ ഗുണമില്ല. കൃഷിനാശം വ്യാപകമായ ഭാഗങ്ങളില്‍ പന്നികളെ വെടിവെച്ചു കൊല്ലാനാണ് നേരത്തെയെടുത്ത തീരുമാനം. ഇതിനായി തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ക്ക് ഉത്തരവു നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൃഷി, മൃഗ സംരക്ഷണം, വനം, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് കര്‍ഷക ക്ഷേമ പദ്ധതി നടപ്പാക്കാനും ധാരണയായിരുന്നു.
പന്നി ശല്യം തടയുന്നതിനു മുന്നോടിയായി നഗരസഭ പ്രദേശത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ച് ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ലൈസന്‍സുള്ള തോക്ക് കൈവശമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് പന്നികളെ വെടിവെച്ചിടാനുള്ള സംഘത്തിന് രൂപം നല്‍കുമെന്നും ഇതിനു മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്നും ആവര്‍ത്തിക്കുന്ന പന്നി ശല്യത്തില്‍ കാര്യക്ഷമമായ പ്രതിരോധ നടപടിവേണമെന്നാവശ്യപ്പെട്ട് കര്‍ഷകരും പ്രദേശവാസികളും സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.