വിമാനത്താവള പരിധിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രിയിലും പ്രവര്‍ത്തിക്കാം
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വ്യാപാര കേന്ദ്രങ്ങള്‍ക്ക് ഇനി നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാം. ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങളുടെ അതിപ്രസരത്താല്‍ ഏര്‍പ്പെടുത്തിയ നിരോധനം പൊലീസ് നീക്കി. പ്രത്യേക നിബന്ധനകളോടെ ഒരു വര്‍ഷത്തേക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് രാത്രി 11 മുതല്‍ പുലര്‍ച്ച വരെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്ക്കുവരെ പ്രവര്‍ത്തിക്കാനാകും.
ഗള്‍ഫ് മേഖലകളില്‍നിന്ന് ഏറിയ പങ്ക് വിമാനങ്ങളും രാത്രിയില്‍ എത്തുമ്പോള്‍ യാത്രക്കാര്‍ക്കും കൂട്ടിക്കൊണ്ടുപോകാനെത്തുന്നവര്ക്കും കടകള്‍ അടഞ്ഞുകിടക്കുന്നത് പ്രതിസന്ധി തീര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ പരിഹാരം വേണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ സാന്നിധ്യം പൊലീസിനെ പിറകോട്ടടിക്കുകയായിരുന്നു.
നിലവില്‍ വിമാനത്താവള പരിസരത്ത് പൊലീസിന്റെ നിരീക്ഷണം ശക്തമായതോടെ ജില്ല വികസന സമിതിയില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉന്നയിച്ച ആവശ്യം അംഗീകരിച്ചതോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള രാത്രി വിലക്ക് നീങ്ങിയത്. തുടര്‍ന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം. കാര്യങ്ങള്‍ വിശദീകരിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി. ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സി. അനീഷ്, സി.എച്ച്. സമദ്, നൗഷാദ് കൊണ്ടോട്ടി, സി. സോമന്, അബ്ദുല്‍ സലീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.