കാലിക്കറ്റ് ഇ.എം.എം.ആര്.സിയുടെ ഡോക്യുമെന്ററിക്ക് മുംബൈ ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്.സി നിര്‍മിച്ച ഡോക്യുമെന്ററിക്ക് മുംബൈ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ (എം.ഐ.എഫ്.എഫ്) മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം. 'ബാംബു ബാലഡ്സ്' ചിത്രത്തിന്റെ എഡിറ്റിങ്ങിന് പി.സി. സാജിദാണ് അവാര്‍ഡ് നേടിയത്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കേന്ദ്രസര്‍ക്കാറിന്റെ വിവര-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫിലിം ഡിവിഷനാണ് എം.ഐ.എഫ്.എഫിന്റെ സംഘാടകര്‍. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം 'ദോബി ഘട്ട്' ചിത്രത്തിന്റെ എഡിറ്റര്‍ എം. ഷണ്മുഖനാഥനുമായി സാജിദ് പങ്കിടും. മലപ്പുറം ജില്ലയിലെ പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ സാജിദ് ഇ.എം.എം.ആര്.സിയില്‍ വിഡിയോ എഡിറ്ററായി താൽക്കാലിക ജോലി നോക്കുകയാണ്.
സാജിദ് നടുത്തൊടി സംവിധാനം ചെയ്ത ചിത്രം നൈന ഫെബിന് എന്ന സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കഥയാണ് പറയുന്നത്. കിട്ടാവുന്ന സ്ഥലത്തെല്ലാം മുളത്തൈകള്‍ നടുകയും അവ വിതരണം ചെയ്യുകയും ചെയ്യുന്ന നൈന മുളകൊണ്ടുള്ള സംഗീതോപകരണങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംഗീത ട്രൂപ്പിനും രൂപം നല്‍കിയിട്ടുണ്ട്. മുള സംരക്ഷണമാണ് ഈ ട്രൂപ്പിന്റെ ലക്ഷ്യം. നേരത്തേയും നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ഈ ഡോക്യുമെന്ററി കരസ്ഥമാക്കിയിട്ടുണ്ട്. ബാനിഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.