ചീക്കോട് ജലവിതരണ പദ്ധതി; ജലലഭ്യത ഉറപ്പാക്കണമെന്ന് ചെറുകാവ് പഞ്ചായത്ത്
text_fieldsകൊണ്ടോട്ടി: ചീക്കോട് ജലവിതരണ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെറുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ചീക്കോട് പദ്ധതി നടപ്പാക്കുന്നത് കാരണം നിലവിലുണ്ടായിരുന്ന ജപ്പാന്, ഡെന്മാര്ക്ക് കുടിവെള്ള പദ്ധതികൾ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. എന്നാല്‍ ചീക്കോട് പദ്ധതിയുടെ പൈപ്പിടല്‍ മിക്ക വാര്‍ഡുകളിലും പൂര്‍ണമായിട്ടില്ല. ഇക്കാര്യത്തില്‍ സത്വരനടപടി വേണമെന്ന് ഭരണസമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ രൂക്ഷ കുടിവെള്ളക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പൂര്‍ണമായ സ്ഥലങ്ങളില്‍ ശാസ്ത്രീയരീതിയില്‍ വേണ്ടത്ര താഴ്ചയില്‍ പൈപ്പുകള്‍ സ്ഥാപിക്കാത്തതും നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതും കാരണം വെള്ളം തുറന്നുവിടുമ്പോള്‍ പൈപ്പുകളില്‍ പലയിടങ്ങളിലും ചോര്ച്ചയുണ്ടാവുകയാണ്.
വിവരം അറിയിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ജലവിതരണം നിര്ത്തുകയാണെണ് ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പൈപ്പുകള്‍ സ്ഥാപിച്ച ചില വീടുകളിലേക്ക് കണക്ഷന് നല്‍കാത്തത് കാരണം വെള്ളം ലഭിച്ചില്ലെങ്കിലും ബില്ലുകള്‍ കൃത്യമായി വരുകയും ചെയ്യുന്നുണ്ട്. ചോര്‍ച്ച അടക്കാൻ പുതുതായി ടാര്‍ ചെയ്ത റോഡുകള്‍ പൊളിക്കുന്നതും ജനങ്ങളെ ബാധിക്കുകയാണ്.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കടുത്ത അനാസ്ഥ തുടരുകയാണെന്നാരോപിച്ച് പഞ്ചായത്ത് അധികൃതര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. വെള്ളം ലഭിക്കാതായതോടെ ജനം സ്വന്തം കാശുമുടക്കി ടാങ്കര്‍ ലോറികളില്‍ വെള്ളം വീടുകളില്‍ എത്തിച്ചാണ് ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്.
വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാറിനോടും വകുപ്പ് മന്ത്രിമാരോടും ബന്ധപ്പെട്ട വകുപ്പ് അധികൃതരോടും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.