വിമാനത്താവളത്തിലെ കോവിഡ് പരിശോധന പോസിറ്റിവോ നെഗറ്റിവോ?; റാപിഡ് പി.സി.ആർ പരിശോധനക്ക് എതിരെ പരാതി
text_fieldsകരിപ്പൂർ: വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധന സംബന്ധിച്ച പരാതികൾ പെരുകുന്നു. മണിക്കൂറുകൾക്കിടെ നടത്തിയ രണ്ട് കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റിവും പോസിറ്റിവും ആകുന്നതായാണ് പരാതി. കഴിഞ്ഞദിവസം ദുബൈയിലേക്ക് പോകേണ്ടിയിരുന്ന കുടുംബത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന റാപിഡ് പി.സി.ആർ പരിശോധനയിൽ കോവിഡ് പോസിറ്റിവായതോടെ യാത്ര മാറ്റിവെക്കേണ്ടിവന്നു. എന്നാൽ, മണിക്കൂറുകൾക്ക് മുമ്പ് ഇവർ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ ഫലം നെഗറ്റിവായിരുന്നു.
ആഗസ്റ്റ് ഒന്നുമുതൽ ജനുവരി 31 വരെ കാലയളവിൽ കരിപ്പൂരിൽനിന്ന് 2.80 ലക്ഷത്തോളം യാത്രക്കാർ യു.എ.ഇയിലേക്ക് പോയതിൽ 3,000ത്തോളം പേർക്കാണ് കോവിഡ് പോസിറ്റിവായത്. ഇതിൽ കൂടുതൽ കേസുകളും ജനുവരിയിലായിരുന്നു. ഇതേ കാലയളവിൽ തിരുവനന്തപുരത്ത് ഒന്നരലക്ഷത്തിൽ 1500ഓളം പേർക്കും കണ്ണൂരിൽ ഒരുലക്ഷത്തിൽ 980ഓളം പേർക്കും കൊച്ചിയിൽ ആഗസ്റ്റ് അഞ്ചുമുതൽ ജനുവരി 25 വരെ 1.30 ലക്ഷത്തിൽ 600ഓളം പേർക്കുമാണ് പോസിറ്റിവായത്.
കരിപ്പൂരിൽ ആഗസ്റ്റിൽ 30,000 ത്തോളം യാത്രികരിൽ 100 പേർക്ക് മാത്രമായിരുന്നു പോസിറ്റിവ്. രോഗ സ്ഥിരീകരണ നിരക്ക് 0.34 ശതമാനം. സെപ്റ്റംബർ 0.35, ഒക്ടോബർ 0.51, നവംബർ 0.40, ഡിസംബർ 0.40 എന്നിങ്ങനെയായിരുന്നു ടി.പി.ആർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ച ജനുവരിയിൽ കരിപ്പൂരിലും കേസുകളുടെ എണ്ണം കൂടി. ജനുവരി ഒന്നിന് ഒമ്പതുപേർക്ക് മാത്രമാണ് പരിശോധനയിൽ പോസിറ്റിവായതെങ്കിൽ ജനുവരി 31ന് ഇത് 136 ആയി വർധിച്ചു. ജനുവരിയിലെ ടി.പി.ആർ 4.66 ശതമാനമായാണ് ഉയർന്നത്. അതേസമയം, ആർ.ടി.പി.സി.ആറും റാപിഡ് പി.സി.ആറും രണ്ട് വ്യത്യസ്ത പരിശോധന രീതികളാണെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.
ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ചാൽ ശരീരത്തിൽ വൈറസ് സാന്നിധ്യമില്ല എന്നല്ല, പകരം നിശ്ചിത പരിധിയിൽ താഴെയാണ് എന്നാണ്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) നിശ്ചയിച്ച സൈക്കിൾ ത്രഷോൾഡ് (സി.ടി) വാല്യൂ 35 ആണ്. ആർ.ടി.പി.സി.ആർ പരിശോധനയിൽ വാല്യൂ 35ന് താഴെയാണെങ്കിലാണ് പോസിറ്റിവ് ഫലം കാണിക്കുക. ഇതിന് മുകളിലുള്ളവയെല്ലാം നെഗറ്റിവായിരിക്കും. എന്നാൽ, വിമാനത്താവളങ്ങളിലെ റാപിഡ് പി.സി.ആർ പരിശോധനയിൽ നേരിയ അളവിലുള്ള വൈറസിന്‍റെ സാന്നിധ്യവും കണ്ടെത്താനാകും.
വൈറസ് സാന്നിധ്യവും അളവും വിവിധ ഘട്ടങ്ങളിൽ ഏറിയും കുറഞ്ഞും ഇരിക്കും. ഇത് കൂടിയാണ് റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവാകാനുള്ള കാരണമെന്ന് അധികൃതർ പറയുന്നു.
റാപിഡ് പി.സി.ആർ യു.എ.ഇയിലേക്ക് മാത്രം
വിദേശയാത്രികരിൽ നിലവിൽ കരിപ്പൂരിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രികർക്കാണ് നാല് മണിക്കൂർ മുമ്പുള്ള റാപിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്. മറ്റു രാജ്യങ്ങളിലേക്ക് എല്ലാം ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റിവായാൽ മതി. യാത്രക്ക് 72, 48 മണിക്കൂർ മുമ്പുള്ള സർട്ടിഫിക്കറ്റുകളാണ് മറ്റിടങ്ങളിലേക്ക് വേണ്ടത്.
റാപിഡ് പി.സി.ആർ പരിശോധന അവസാനിപ്പിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും ഇതുവരെ യു.എ.ഇ അനുകൂല തീരുമാനം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.