കൊണ്ടോട്ടിയിൽ ഖരമാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി
text_fieldsകൊണ്ടോട്ടി: ഖരമാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി പ്രാവര്‍ത്തികമാക്കാനൊരുങ്ങി കൊണ്ടോട്ടി നഗരസഭ. മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് ശാസ്ത്രീയ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിന് രൂപരേഖ തയാറാക്കാൻ പ്രാഥമിക അവലോകന യോഗം ചേർന്നു. ഖരമാലിന്യം സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നതിലെ പോരായ്മകള്‍ കണ്ടെത്തി ശാസ്ത്രീയ പരിഹാരം ഉറപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായിട്ടായിരുന്നു യോഗം.
വിപുല ചര്‍ച്ചകളിലൂടെ ഖരമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി പറഞ്ഞു. പദ്ധതിയുടെ ആമുഖ വിശദീകരണവും നിലവിലെ മാലിന്യ സംസ്കരണ സംവിധാനത്തെ കുറിച്ചുള്ള അവലോകനവും ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദഗ്ധന്‍ സതീശന് നിർവഹിച്ചു. മാലിന്യമുക്ത നവകേരളം, ശാസ്ത്രീയ രീതിയിലുള്ള ഖരമാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ് നയിച്ചു.
മാലിന്യമുക്ത കൊണ്ടോട്ടി എന്ന വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സോഷ്യല്‍ ഓഡിറ്റ് സംഘാംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍, ഹരിത കര്‍മസേന, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗ്രൂപ്പ് തലയോഗത്തില്‍ തയാറാക്കിയ വിവിധ ആശയങ്ങള്‍ ക്രോഡീകരിച്ചു.
ഉപാധ്യക്ഷന്‍ സനൂപ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അബീന പുതിയറക്കല്‍, അഷ്റഫ് മടാന്‍, മിനിമോള്‍, മുഹിയുദ്ദീന് അലി, റംല കൊടവണ്ടി, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. ഫിറോസ്, കെ.എസ്.ഡബ്ല്യു.എം.പി എന്‍ജിനീയര്‍ കെ. വിഷ്ണു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എം. പ്രദീപന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.