വിമാനത്താവള മേഖലയിലെ നിര്‍മാണ പ്രതിസന്ധി; ചട്ടത്തില്‍ ഭേദഗതിയാവശ്യപ്പെട്ട് നഗരസഭ
text_fieldsകൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള പരിസര പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) ലഭിക്കാത്ത പ്രശ്നം പരിഹരിക്കാന്‍ നഗരസഭ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഭേദഗതി വരുത്തണമെന്ന് കൊണ്ടോട്ടി നഗരസഭ. നഗരസഭ അധ്യക്ഷ നിത ഷഹീറിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയന്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, മുനിസിപ്പല്‍ ചേംബര്‍ ചെയര്മാന് കൃഷ്ണദാസ് എന്നിവര്‍ക്ക് നിവേദനം നല്കി.
നഗരസഭ കെട്ടിട നിര്‍മാണ ചട്ടത്തില്‍ വിമാനത്താവള പരിസര പ്രദേശങ്ങളിലെ നിര്‍മിതികള്‍ നടത്തുന്നതിന് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥയില്‍ വീടുകളുള്‍പ്പെടെയുള്ള അവശ്യ നിര്‍മാണ പ്രവൃത്തികളുടെ കാര്യത്തില്‍ ഇളവ് വരുത്തണമെന്ന് നഗരസഭ അധികൃതര്‍ ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിച്ച് ഉന്നതല യോഗം ചേര്‍ന്ന് പരിഹാര നടപടികള്‍ക്ക് ഇടപെടല്‍ നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചതായി നഗരസഭ അധ്യക്ഷ നിത ഷഹീര്‍ പറഞ്ഞു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. മുഹിയുദ്ദീന് അലി, വികസന സ്ഥിരം സമിതി അധ്യക്ഷ സി. മിനിമോള്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. 2047ല്‍ നടത്താനുദ്ദേശിക്കുന്ന വിമാനത്താവള വികസനം പറഞ്ഞ് നിലവിലെ വികസന പ്രവൃത്തികള്‍ക്ക് ഭൂമി വിട്ടുകൊടുത്തവര്ക്കുപോലും മേഖലയില്‍ പുതിയ വീട് നിര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. നിരാക്ഷേപ പത്രം നിരസിക്കുന്ന വിമാനത്താവള അതോറിറ്റിയുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് വിമാനത്താവള സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ സമരരംഗത്താണ്.
സെപ്റ്റംബര്‍ മൂന്നിന് കലക്ടറുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും ചര്‍ച്ച ചെയ്തിരുന്നു. കലക്ടര്‍ ഇക്കാര്യം സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പ്രദേശത്തെ വീടുകളുടെ നിര്‍മാണത്തിന് വിമാനത്താവള അതോറിറ്റിയുടെ നിരാക്ഷേപ പത്രമില്ലാതെതന്നെ അനുമതി നല്‍കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.