കൊണ്ടോട്ടി നഗരസഭാധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രാഷ്ട്രീയ ചര്‍ച്ചയാകുന്നു
text_fieldsകൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാധ്യക്ഷ സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് മുസ് ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ തർക്കം ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സജീവ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ബുധനാഴ്ചയാണ് നഗരസഭ ഉപാധ്യക്ഷ സ്ഥാനവും ആരോഗ്യ സ്ഥിരം സമിതി സ്ഥാനവും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചത്.
പരസ്പരം അകന്നിട്ടും അകലാനാകാത്ത അവസ്ഥയിലാണ് ഭരണ മുന്നണിയിലെ പ്രധാന പാര്‍ട്ടി നേതൃത്വങ്ങൾ. ഇത് അണികളേയും ആശയക്കുഴപ്പത്തിലാക്കുകയാണ്. എല്‍.ഡി.എഫിനെ രാഷ്ട്രീയമായി നേരിടാനുള്ള അവസരവും കൊണ്ടോട്ടിയില്‍ യു.ഡി.എഫിന് നഷ്ടമാവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം ഇരു പാര്‍ട്ടി നേതൃത്വങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രാദേശിക ചേരിതിരിവ് ഭാവിയില്‍ പുതിയ മുന്നണി സമവാക്യങ്ങള്‍ സൃഷ്ടിക്കുമെന്ന സൂചന സജീവമാണ്.
2015ല്‍ നഗരസഭ നിലവിൽ വരുമ്പോൾ മുന്നണി സംവിധാനത്തിലല്ലാതെയാണ് കോണ്‍ഗ്രസും മുസ് ലിം ലീഗും മത്സരിച്ചിരുന്നത്. ഇടതു പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനകീയ മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. 2017ല്‍ മുന്നണി ബന്ധം പുനസ്ഥാപിച്ച് ലീഗും കോണ്‍ഗ്രസും ഐക്യപ്പെട്ടെങ്കിലും പരസ്പരമുള്ള പ്രാദേശിക തര്‍ക്കം പരിഹരിക്കപ്പെടാത്തതിന്റെ സൂചനയാണ് കോൺഗ്രസ് കൗൺസിലർമാരുടെ രാജി വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് തീരുമാനം അപക്വം -മുസ്ലിം ലീഗ്
ലോക്സഭ തെരഞ്ഞെടുപ്പു വേളയില്‍ മുന്നണി ഐക്യത്തിന് കോട്ടം വരുത്തി കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം അപക്വവും മുന്നണി മര്യാദകള്‍ക്ക് നിരക്കാത്തതുമാണെന്ന് മുസ് ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി. കേന്ദ്രത്തില്‍ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. ഇതിനിടയില്‍ പ്രാദേശികമായുള്ള പ്രശ്നങ്ങള്‍ വഷളാക്കാതെ സംയമനം പാലിക്കാനാണ് പാര്‍ട്ടി തീരുമാനം. നഗരസഭ അധ്യക്ഷ പദവി സംബന്ധിച്ച് ലീഗും കോണ്‍ഗ്രസും തമ്മില്‍ മുൻപ് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. യോഗത്തില്‍ പ്രസിഡന്റ് പി.വി.എ. ലത്തീഫ്, എം.എ. റഹീം, യു.കെ. മുഹമ്മദ് ഷാ, മഹമൂബ് കോപ്പിലാന്‍, പി.ഇ. അബൂബക്കര്‍, ഇ.എം. റഷീദ്, കോട്ട വീരാന്‍കുട്ടി മാസ്റ്റര്‍, മുജീബ് കാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇൻഡ്യ മുന്നണിയുടെ വിജയത്തിനായി പോരാടും -കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംവിധാനത്തില്‍ ഉറച്ചു നിന്ന് ഇൻഡ്യ മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പോരാടുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദാവൂദ് കുന്നമ്പള്ളി. കൊണ്ടോട്ടി നഗരസഭയില്‍ ലീഗുമായുള്ള പാര്‍ട്ടിയുടെ അസ്വാരസ്യം നേരത്തെയുള്ളതാണ്. തെരഞ്ഞെടുപ്പിനു മുമ്പ് നഗരസഭാധ്യക്ഷ സ്ഥാനം പങ്കിടുന്നതില്‍ ലീഗിന്റെ ഭാഗത്തുനിന്നുണ്ടായ അവഗണന നയമാണ് ഉപാധ്യക്ഷന്റേയും സ്ഥിരം സമിതി അധ്യക്ഷയുടേയും രാജിയില്‍ കലാശിച്ചത്. ഇക്കാര്യത്തില്‍ അണികളുടെ താത്പര്യങ്ങള്‍ക്കാണ് പാര്‍ട്ടി പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ കുതിരക്കച്ചവടം ജനങ്ങള്‍ തിരിച്ചറിയും –സി.പി.എം
അഴിമതിയും ധൂര്‍ത്തും നടത്തുന്ന കൊണ്ടോട്ടി നഗരസഭ ഭരണ മുന്നണിയിലെ കച്ചവട രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉപാധ്യക്ഷ സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ പദവിയും രാജിവെച്ചതെന്ന് സി.പി.എം.
ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. മോഹന്‍ദാസ്. വികസന മുരടിപ്പ് മറച്ചുപിടിക്കാനുള്ള രാഷ്ട്രീയ നാടകം മാത്രമാണ് മുന്നണി ധാരണ പറഞ്ഞുള്ള രാജി. അഴിമതി പങ്കിടുന്നതിലെ തര്‍ക്കമാണ് ഇരു പാര്ട്ടികള്ക്കിടയിലുമുള്ളത്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഈ ജന വഞ്ചന തെരഞ്ഞെടുപ്പു വേളയില്‍ ചര്‍ച്ചയാകുമെന്നും മോഹന്‍ദാസ് പറഞ്ഞു.
രാഷ്ട്രീയ നാടകങ്ങള്‍കൊണ്ട് കെടുകാര്യസ്ഥത മറക്കാനാകില്ല -സി.പി.ഐ
രാഷ്ട്രീയ നാടകങ്ങള്‍ കൊണ്ട് ഭരണത്തിലെ കെടുകാര്യസ്ഥത മറക്കാനാണ് മുസ് ലിം ലീഗും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സി.പി.ഐ. അധികാര പദവികള്‍ ഒഴിഞ്ഞതോടെ കൊണ്ടോട്ടി നഗരസഭ ജനദ്രോഹ നടപടികളുടെ കേന്ദ്രമാണെന്ന് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുകയാണെന്ന് നഗരസഭ മുന്‍ സ്ഥിരം സമിതി അധ്യക്ഷനും സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. കെ.കെ. സമദ് ആരോപിച്ചു.
രാജികൊണ്ട് മൂന്ന് വര്‍ഷത്തെ ഭരണ പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞു മാറാനാകില്ലെന്നും യു.ഡി.എഫ് അണികള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ വിഴുപ്പലക്കല്‍ ജനങ്ങളോടുള്ള വെല്ലുവിളി –വെല്‍ഫെയര്‍ പാര്‍ട്ടി
അധികാര മാറ്റത്തെചൊല്ലി കൊണ്ടോട്ടി നഗരസഭയില്‍ കോണ്‍ഗ്രസും മുസ് ലിം ലീഗും തമ്മിലുള്ള തര്‍ക്കവും ലീഗിലെ ആഭ്യന്തര കലഹങ്ങളും വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. അധികാര വ്യാമോഹത്താലുള്ള തര്‍ക്കങ്ങള്‍ നാടിന്റെ വികസനത്തെ മുരടിപ്പിക്കുമെന്ന് പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി ആരോപിച്ചു.സര്‍ക്കാര്‍ നല്‍കേണ്ട ഫണ്ടുകള്‍ വെട്ടിച്ചുരക്കിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം തര്‍ക്കങ്ങള്‍ ആശാവഹമല്ലെന്നും മുനിസിപ്പല്‍ കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജനപ്രതിനിധികള്‍ ആത്മ പരിശോധന നടത്തണം –വോട്ടേഴ്സ് വോയ്സ്
കൊണ്ടോട്ടിയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച് ആത്മ പരിശോധന നടത്തണമെന്ന് വോട്ടേഴ്സ് വോയ്സ് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി. അധികാര സ്ഥാനങ്ങള്‍ രാജി വെയ്ക്കുന്നതും പുതിയ അധികാരങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്രദമാണോ എന്ന് പുനപരിശോധന നടത്താന്‍ ജനപ്രതിനിധികള്‍ തയാറാകണം. നാട് നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് നിലവില്‍ ആവശ്യമെന്നും അഭിപ്രായമുയര്‍ന്നു. റസാഖ് കൊളങ്ങരത്തൊടി, എന്‍.വി. പ്രകാശ്, മൊയ്തുഹാജി, റഷീദ് മുസ്ല്യാരങ്ങാടി, പി.കെ. റഷീദ് മാസ്റ്റര്‍, ബാപ്പു തുറക്കല്‍, ഹംസ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.