കോവിഡും വിമാനാപകടവും: ഭീതിയകലാതെ കൊണ്ടോട്ടി
text_fieldsകൊണ്ടോട്ടി: 18 ജീവനുകൾ പൊലിഞ്ഞ കരിപ്പൂർ വിമാന ദുരന്തത്തിെൻറ നടുക്കുന്ന കാഴ്ചകൾ പരിസരവാസികളുടെ കണ്ണിൽനിന്ന് മാഞ്ഞിട്ടില്ല. കനത്തമഴയിൽ നാട് വെള്ളപ്പൊക്ക ജാഗ്രതയിലിരിക്കെ വിശ്വസിക്കാൻ കഴിയാത്തരീതിയിലാണ് വിമാന അപകട കാഴ്ചകൾക്ക് അവർക്ക് സാക്ഷികളായത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൊണ്ടോട്ടി താലൂക്ക് ഒന്നാകെ കണ്ടെയിൻമെൻറ് സോണിലാണ്. രണ്ടാഴ്ചയോളമായി നഗരസഭ പ്രദേശത്ത് ഭീതിപ്പെടുത്തുംവിധത്തിൽ കോവിഡ് പടർന്നുകൊണ്ടിരിക്കുന്നു.
ഈ ഭയത്തിനിടയിലേക്കാണ് ചിറയിൽ, മുക്കൂട്, പാലക്കാപ്പറമ്പ്, കിഴക്കേചുങ്കം പ്രദേശത്തുകാർക്ക് കാതടിപ്പിക്കും ശബ്ദത്തോടെ വെള്ളിയാഴ്ച രാത്രി വിമാനം വീഴുന്നത്. കണ്ടെയിൻമെൻറ് സോണിൽ എല്ലാം മറന്ന് അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തതിന് നാടൊന്നാകെ അഭിനന്ദനങ്ങൾകൊണ്ട് പൊതിയുമ്പോഴും നിലവിളിയുടെയും കൂട്ടക്കരച്ചിലിെൻറയും ശബ്ദം അവരുടെ കാതിൽനിന്ന് പോയിട്ടില്ല.
കേട്ടവർ കേട്ടവർ പാഞ്ഞടുത്തത് ഒരുജീവനെങ്കിലും രക്ഷപ്പെടേട്ടയെന്ന പ്രാർഥനയിലായിരുന്നു. അപകടത്തിൽപെട്ടവരെയും ജീവൻ നിലച്ചവരെയും താങ്ങിയെടുത്ത് കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാനുള്ള ബദ്ധപ്പാടിൽ ആരും കോവിഡിനെ ഭയപ്പെട്ടില്ല. അകലം പാലിച്ചില്ല. സാനിറ്റൈസർ തിരഞ്ഞില്ല. ടേബിൾടോപ് റൺവേയാണ്, അപകടസാധ്യത നിൽക്കുന്ന വിമാനത്താവളമാണ് എന്നൊക്കെ പ്രചരിപ്പിച്ച് ഭീതിപ്പെടുത്താറുണ്ടെങ്കിലും നാട്ടുകാരുടെ സ്വന്തം വിമാനത്താവളം അപകടം വരുത്തില്ലെന്ന് ഉറച്ചവിശ്വാസമായിരുന്നു. പക്ഷേ, ഇപ്പോൾ വിമാനത്തിെൻറ മൂളൽ തലക്ക് മുകളിൽനിന്ന് കേൾക്കുമ്പോൾ മനസ്സുപതറുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.