കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമിയും വീടും നഷ്ടമാകുന്നവരുമായി ഹിയറിങ് നടത്തി
text_fieldsകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർ, സമീപ പ്രദേശത്തുള്ളവർ എന്നിവരുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കല്‍ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭ പ്രദേശത്തുമായിരുന്നു ഹിയറിങ്. ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പ്രേംലാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ജനങ്ങളുമായി സംവദിച്ചത്. ഭൂമിയും വീടും നഷ്ടമാകുന്നവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗങ്ങളില്‍ സംബന്ധിച്ചു.
പള്ളിക്കല്‍ വില്ലേജിലെ ഹിയറിങ് രാവിലെ 10ന് കരിപ്പൂര്‍ നഴ്സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടന്നത്. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യവും പുനരധിവാസ പാക്കേജും പ്രഖ്യാപിക്കണമെന്നും നിലവില്‍ ഏറ്റെടുത്ത ഭൂമി വിമാനത്താവള അതോറിറ്റി ഉപയോഗിക്കാതെ ഇനിയും ജനങ്ങളെ കുടിയിറക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) ദീര്‍ഘിപ്പിക്കുന്നതിനായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പള്ളിക്കല്‍ വില്ലേജില്‍നിന്ന് ഏഴും നെടിയിരുപ്പ് വില്ലേജില്‍നിന്ന് ഏഴരയും ഏക്കറാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിലാണ് സാമൂഹികാഘാത പഠനം. ഇതിന്റെ കരട് റിപ്പോര്‍ട്ട് കഴിഞ്ഞ മാസം ഡെപ്യൂട്ടി കലക്ടര്‍ക്ക് കൈമാറിയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയില്‍ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കര്‍ കൃഷിഭൂമിയെയും ഇത് ബാധിക്കും. ജനവാസ കേന്ദ്രത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നാട്ടുകാരുടെ പരാതി സര്‍ക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഹിയറിങ്ങിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.