കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ കാര്യം നടക്കണോ? കൈക്കൂലി വേണം
text_fieldsകൊണ്ടോട്ടി: ആവശ്യങ്ങൾ നടക്കാൻ ഏജന്റുമാരെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ പ്രധാന സബ് രജിസ്ട്രാര്‍ ഓഫിസുകളിലൊന്നായ കൊണ്ടോട്ടിയിലെത്തുന്ന സാധാരണക്കാർ. ഇത് ആയിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയുള്ള സാമ്പത്തിക ചൂഷണത്തിനും വഴിവെക്കുന്നു.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സാമാന്യ വിവരവും ആനുകൂല്യങ്ങളെ കുറിച്ച് അറിവുമില്ലാത്തവരെയാണ് ഏജന്റുമാരും ആധാരമെഴുത്തുകാരും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട കൂട്ടുക്കെട്ട് മുതലെടുക്കുന്നത്. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ എസ്. സനില്‍ ജോലും ഏജന്റ് ബഷീറും വിജിലന്‍സിന്റെ പിടിയിലായ സംഭവം.
ഒഴിമുറി നടത്തി ഭാഗപത്രം തയാറാക്കി രജിസ്റ്റര്‍ ചെയ്യാൻ പുളിക്കല്‍ വലിയപറമ്പ് കുടുക്കില്‍ ഏറുകുഴി ശിഹാബുദ്ദീനിൽ നിന്ന് 60,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇരുവരും പിടിയിലായത്. പുളിക്കല്‍ വില്ലേജിലെ 75 സെന്റ് സ്ഥലത്തിന്റെ ഒഴിമുറി ഭാഗപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വസ്തു വിലയുടെ പത്തുശതമാനമായ 1,02,600 രൂപയുടെ സ്റ്റാമ്പ് വാങ്ങാനാണ് രജിസ്ട്രാര്‍ നിർദേശിച്ചത്.
ഭാഗപത്രത്തിന് സ്റ്റാമ്പ് ഡ്യൂട്ടി കുറവുണ്ടാകുമോ എന്നന്വേഷിച്ചപ്പോള്‍ പുളിക്കല്‍ കൊട്ടപ്പുറത്തെ ആധാരമെഴുത്തുകാരനായ അബ്ദുലത്തീഫിനെ ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥന് പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായി കുറക്കാൻ അബ്ദുലത്തീഫ് 60,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് സംഭവം വിജിലന്‍സിന് മുന്നിലെത്തുന്നത്.
അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വസ്തുവിന് ഒഴിമുറി ഭാഗപത്രം രജിസ്റ്റര്‍ ചെയ്യാന്‍ ആയിരം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും അതിന് മുകളിലുള്ളതിന് ആയിരം രൂപക്ക് പുറമെ വസ്തു വിലയുടെ 0.2 ശതമാനം കൂടി നൽകിയാൽ മതിയെന്ന വ്യവസ്ഥ നിലനിൽക്കുമ്പോഴാണ് തട്ടിപ്പ് നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലെ ആധാര രജിസ്ട്രേഷനും ഇത്തരം ആനുകൂല്യങ്ങളുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ അജ്ഞരാണെന്നത് തട്ടിപ്പിന് മുതലെടുക്കുകയാണ് ഏജന്റുമാരും ഉദ്യോഗസ്ഥരുമുള്‍പ്പെട്ട സംഘം.
വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരോട് നിയമപ്രകാരം വലിയ ചെലവ് വരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതോടെയാണ് തുടക്കം. തുടർന്ന് ഓഫിസിനകത്തും പുറത്തുമുള്ള ഏജന്റുമാര്‍ ആവശ്യക്കാരെ വലവീശിപ്പിടിച്ച് പിന്നീട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് കൈക്കൂലി തുക ഉറപ്പിച്ച് കാര്യം സാധിക്കുന്ന രീതിയാണ് തുടരുന്നത്.
ഓരോ സേവനങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള് ഓഫിസ് പരിസരത്തില്ല. വസ്തു കൈമാറ്റം പോലുള്ളവ വേഗത്തില്‍ നടക്കേണ്ടി വരുമ്പോള്‍ കൈക്കൂലി നല്കാന് ഭൂരിഭാഗവും ഇവർക്ക് തണലാകുന്നു.
ഓഫിസ് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വിജിലന്‍സ് അടക്കം സംഘങ്ങള്‍ എത്താത്തതും ഉദ്യോഗസ്ഥ-ഏജന്റ് കൂട്ടുകെട്ടിന് വളമൊരുക്കുന്നു. ആധാരത്തിന്റെ പകര്‍പ്പു നല്കാന് കൈക്കൂലി ആവശ്യപ്പെട്ടതിന് ഇതേ ഓഫിസിലെ ഓഫീസ് അറ്റന്റര്‍മാരായ കെ. കൃഷ്ണദാസ്, കെ. ചന്ദ്രന് എന്നിവരെ 2022 മേയ് അഞ്ചിന് വിജിലന്‍സ് സംഘം പിടികൂടിയിരുന്നു. ഇതിനു ശേഷം ഏജന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അവിഹിത ബന്ധത്തിന് അല്പം കുറവുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.