ഡോ. മൊയ്തീന്‍കുട്ടി; ‘കണ്ടാല്‍ തന്നെ രോഗം മാറുന്ന ഡോക്ടർ’ ഇനി ഓർമ
text_fieldsകൊണ്ടോട്ടി: ജീവകാരുണ്യ, സാന്ത്വന രംഗങ്ങളില്‍ നികത്താനാകാത്ത നഷ്ടമായി ഡോ. മൊയ്തീന്‍കുട്ടിയുടെ വിയോഗം. ദീര്‍ഘകാലത്തെ സേവനംകൊണ്ട് കൊണ്ടോട്ടിക്കാരനായി മാറിയ സാധാരണക്കാരുടെ സ്വന്തം ഡോ. ബാപ്പുട്ട്യാക്ക ഓർമയാകുമ്പോള്‍ അന്യമാകുന്നത് കാലം അടയാളപ്പെടുത്തിയ മനുഷ്യ സ്നേഹിയെക്കൂടിയാണ്.
1970കളില്‍ തോട്ടശ്ശേരിയറയില്‍ നിന്ന് തന്റെ കര്‍മ മണ്ഡലം കൊണ്ടോട്ടിയിലേക്ക് പറിച്ചുനട്ട ഡോക്ടര്‍ രോഗ പരിചരണത്തില്‍ സാധാരണക്കാരുടെ പ്രതീക്ഷയും അത്താണിയുമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുന്നുകളും വയലുകളും തോടുകളും താണ്ടി രോഗികളിലേക്ക് നടന്നെത്തി തുടങ്ങിയ ചികിത്സ സപര്യയിലൂടെ ആർജിച്ച മാനവികതയും രോഗികള്‍ക്ക് നല്‍കേണ്ട മാനസിക പിന്തുണയും കരുതലും ജീവിതാവസാനം വരെ തുടര്‍ന്നു. നെടിയിരുപ്പ് കോളനി റോഡില്‍ സഹകരണ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായാണ് ഡോ. മൊയ്തീന്‍കുട്ടി കൊണ്ടോട്ടിയിലെത്തുന്നത്. അക്കാലത്തെ പൊതു ജീവിതാന്തരീക്ഷത്തില്‍ ഒരു രോഗിക്കും ചികിത്സയും ആരോഗ്യ പരിചരണവും ലഭിക്കാതെ പോകരുതെന്ന നിശ്ചയദാര്‍ഢ്യം സാധാരണക്കാരുടെ സ്വന്തം ഡോക്ടര്‍ എന്ന നിലയിലേക്ക് അദ്ദേഹത്തെ വളര്‍ത്തി. ഡോക്ടറുടെ കരുതലും സ്നേഹവും നിരവധി പേര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കി. തന്നെ കാണാനെത്തുന്ന രോഗികളുമായെല്ലാം സൗമ്യമായ ഇടപെടലുകളിലൂടെ മാനസിക അടുപ്പമുണ്ടാക്കുന്ന ഡോക്ടറെ കണ്ടാല്‍തന്നെ രോഗം മാറുമെന്നതായിരുന്നു പോയ കാലത്തിന്റെ വിശ്വാസം. അത് ചികിത്സ രംഗത്ത് സജീവമായിരുന്ന കാലത്തോളം അദ്ദേഹം തകരാതെ കാത്തു.
നെടിയിരുപ്പിലെ സഹകരണ ആശുപത്രിയില്‍നിന്ന് പിരിഞ്ഞ ശേഷം കൊണ്ടോട്ടിയില്‍ റിലീഫ് ആശുപത്രിയും മഞ്ചേരിയില്‍ മലബാര്‍ ആശുപത്രിയും യാഥാര്ഥ്യമാക്കിയപ്പോഴും സാധാരണക്കാരും നിരാലംബരുമായ രോഗികളെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. 2001ല്‍ കൊണ്ടോട്ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് സ്വന്തം കെട്ടിടമായതും ഡോ. മൊയ്തീന്‍കുട്ടി സൗജന്യമായി നല്കിയ നാല് സെന്റ് സ്ഥലത്താണ്. സ്ഥാപക കാലം മുതല്‍ സൊസൈറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം അര്‍ഹരായ മുഴുവന്‍ രോഗികള്‍ക്കും നിലവാരമുള്ള സൗജന്യ ചികിത്സയും സാന്ത്വനവും ഉറപ്പാക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തനത്തിലും കല, കായിക, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു അദ്ദേഹം.
ഡോക്ടറുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് കോടങ്ങാട്ടെ വീട്ടിലെത്തിയത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. അബ്ദുല്‍ ഹമീദ്, പി.ടി.എ. റഹീം, മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ. ഹുസൈന് മടവൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുറഹ്മാന് രണ്ടത്താണി, ഡോ. കെ. മൊയ്തു, ഡോ. അന്‍വര്‍, എ.പി. കുഞ്ഞാമു, എന്‍ജിനീയര്‍ പി. മമ്മദ് തുടങ്ങിയവർ അന്ത്യോപചാരമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.